വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി കെഎം ഷാജി നല്‍കിയ അപേക്ഷ കോര്‍പ്പറേഷന്‍ തള്ളി

വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി കെഎം ഷാജി എം.എല്‍.എ നല്‍കിയ അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വീട് ക്രമപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് ക്രമപ്പെടുത്താന്‍ 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും അടക്കേണ്ടി വരുമെന്ന സൂചന കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയിരുന്നു.

അനധികൃത നിര്‍മാണം കണ്ടെത്തിയ നഗരസഭ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നും മൂന്നാം നില മുഴുവനായും അനധികൃതമാണെന്നുമായിരുന്നു കോഴിക്കോട് കോര്‍പറേഷന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കോര്‍പറേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം കോര്‍പ്പറേഷന്‍ അളവെടുത്തപ്പോഴാണ് അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടത്. അനുമതിയില്ലാതെ 2,300 ചതുരശ്ര അടിയില്‍ നിര്‍മാണം നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

അനധികൃത നിര്‍മാണത്തെത്തുടര്‍ന്ന് വീട് വിവാദത്തിലിടം പിടിച്ചതോടെ പ്രതികരണവമായി കെഎം ഷാജി രംഗത്തെത്തിയിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലക്ക് സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയനാവുന്നതില്‍ തനിക്ക് വിഷമമില്ലെന്ന് മാത്രമല്ല അത് നമ്മളില്‍ സൂക്ഷ്മതയും ജാഗ്രതയും ഉണ്ടാക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് കെഎം ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പക്ഷെ, രാഷ്ട്രീയ പ്രതികാരം വീട്ടാന്‍ വ്യക്തിപരമായി ആക്രമിക്കുകയും അതിശയോക്തിപരമായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലല്ലോ! ചില മാധ്യമ സുഹൃത്തുക്കള്‍ പോലും മുന്‍ വിധിയോടെ ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിച്ച് കാണുന്നതില്‍ വിഷമമുണ്ട്. താന്‍ തുടരുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് കലവറയില്ലാത്ത പിന്തുണ എപ്പോഴും നല്‍കിയിട്ടുള്ള മാധ്യമങ്ങള്‍ സത്യം മനസ്സിലാക്കുമ്പോള്‍ തിരുത്തുമെണാണ് കരുതുന്നതതെന്നും ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭാര്യയും മക്കളുമടക്കം അഞ്ച്‌പേരുള്ള തന്റെ വീട്ടില്‍ സാധാരണ വലുപ്പമുള്ള 5 മുറികള്‍, സ്വീകരണ മുറിയോട് ചേര്‍ന്ന് ഡൈനിംഗ് ഹാള്‍, അടുക്കള, പഠനത്തിനും ലൈബ്രറിക്കും ഒരു മുറി എന്നീ സൗകര്യങ്ങളാണുള്ളത്. കുത്തനെയുള്ള ഭൂമിയില്‍ പ്രകൃതി സൗഹൃദമായി, അയല്‍ക്കാരന്റെ സ്ഥലത്തിന് ഭീഷണിയാകും വിധം മണ്ണു മാന്താതെ വീട് നിര്‍മ്മിച്ചപ്പോള്‍ അത് മൂന്ന് തട്ടിലായിപ്പോയത് എഞ്ചിനീയറുടെ മികവാണ്. പത്രസമ്മേളനങ്ങളിലും സൈബര്‍ പ്രചാരണങ്ങളിലും നാലരക്കോടി വിലമതിക്കുന്ന വീട് കോര്‍പ്പറേഷന്‍ അളന്നപ്പോള്‍ 1.60 ആയി ചുരുങ്ങിയിട്ടുണ്ട്. വീടിന്റെ അളവിനു കോര്‍പ്പറേഷന്‍ കൊണ്ടുവന്ന ടേപ്പിനു പ്രത്യേകം നീളക്കൂടുതലുണ്ടായിരുന്നുവെന്ന് പറയില്ല. പക്ഷെ മാനദണ്ഡം ശരിയായില്ലെന്ന പരാതിയുണ്ട്. കെഎം ഷാജി കുറിച്ചു.