കാർ തെറ്റായി പാർക്ക് ചെയ്തതിന് ബൈക്കുടമയ്ക്ക് പിഴ,സംഭവം തിരുവനതപുരത്ത്

തിരുവനന്തപുരം: റോഡരികിൽ കാർ തെറ്റായി പാർക്ക് ചെയ്തതിന് ബൈക്കുടമയ്ക്ക് പിഴ ലഭിച്ചതായി പരാതി. തിരുവനന്തപുരം വേങ്ങോട് സ്വദേശി സജയകുമാറിനാണ് പോലീസിന്റെ പെറ്റി കിട്ടിയത്. കഠിനംകുളത്ത് തെറ്റായി പാർക്ക് ചെയ്തിരുന്ന KL 22 F 3615 എന്ന കാറിനാണ് ട്രാഫിക് പോലീസ് പിഴ ഇട്ടത്. കഴിഞ്ഞവർഷം ജൂൺ ആറിനായിരുന്നു ഈ സംഭവം.

എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വേങ്ങോട് സ്വദേശി സജയകുമാറിന്റെ KL 22 M 3615 എന്ന സ്കൂട്ടറിന്റെ നമ്പറിനാണ് പെറ്റി സന്ദേശം ലഭിച്ചത്.സജയകുമാർ അടുത്തൊന്നും ബൈക്കുമായി പുറത്ത് പോയിരുന്നില്ല. തുടർന്ന് തനിക്ക് പിഴ വന്നതിനെപ്പറ്റി ബന്ധുവിനോട് അന്വേഷിച്ചപ്പോഴാണ് നമ്പറിൽ M-ന് പകരം F എന്ന സീരിയൽ നമ്പറിലുള്ള കാറിനാണ് പിഴയെന്ന് വ്യക്തമായി.

ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ ബൈക്കുടമയ്ക്ക് പിഴയടയ്ക്കാനുള്ള സന്ദേശം എങ്ങനെ വന്നുവെന്നത് അത്ഭുതം തന്നെ. ഇക്കാര്യത്തിൽ പോലീസിനും വ്യക്തതയില്ല. ഇത്തരം പരാതികൾ നിരന്തരം ഉയരുന്നുണ്ട്. സമാനമായ പല പരാതികളും ഇതിന് മുൻപും ഉയർന്നു വന്നു.