രോഗവ്യാപനം അതിരൂക്ഷം ; ഡല്‍ഹിയേയും മറികടന്ന് തമിഴ്‌നാട് ; കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നു

കോവിഡ് രോഗവ്യാപനത്തില്‍ ഡല്‍ഹിയേയും മറികടന്ന് തമിഴ്‌നാട്. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതെത്തിയിരിക്കുകയാണ് തമിഴ്‌നാട്. ഡല്‍ഹിയെ പിന്തള്ളിയാണ് തമിഴ്‌നാട് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചത്.

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് 90,107 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1201 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെന്നൈ അടക്കമുള്ള ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്.

3943 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെന്നൈയില്‍ മാത്രം 2393 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നഗരത്തില്‍ മാത്രം 42 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയില്‍ മരണം 888 ആയി. ചെന്നൈയില്‍ മാത്രം രോഗികളുടെ എണ്ണം 58,327 ആയി.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 87,360 ആണ്. അതേസമയം രാജ്യത്ത് കോവിഡ് രോഗവ്യാപനത്തില്‍ ഒന്നാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1.74 ലക്ഷം പിന്നിട്ടു.