ശബരിമല വിഷയ൦; നിലപാട് മാറ്റം പരിഗണിക്കാവുന്ന കാര്യമെന്ന് എംഎ ബേബി

ശബരിമല വിഷയ്ത്തിൽ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അധികാരത്തിൽ വരുകയാണെങ്കിൽ അത്തരത്തിൽ ചർച്ച നടക്കും. സമവായത്തിലൂടെ മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂ. പാർട്ടി നിലപാടിനോട് ജനങ്ങൾക്ക് വ്യത്യസ്ത സമീപനം ആണെങ്കിൽ നിലപാട് ബലാൽക്കാരേണ നടപ്പാക്കുന്ന സമീപനം പാർട്ടിക്കില്ലന്നും ബേബി പറഞ്ഞു.

സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ പാർട്ടി പരിഗണിക്കും. അതിനനുസരിച്ചേ ഒരു സംസ്ഥാനത്തിൻ്റെ മുഴുവൻ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ കഴിയൂ. അതല്ലാതെ വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നത്. ഇടതുപക്ഷം സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. സുപ്രിം കോടതിയുടെ ഭരണഘടന വിശാലബെഞ്ച് കേസിൽ വിധി പ്രസ്താവിച്ചതിനു ശേഷം ആ വിധി അനുസരിച്ച് എങ്ങനെ ഇത് നടപ്പാക്കണമെന്നും മറ്റും ആലോചിക്കണം. കോടതിയോട് മറ്റെന്തെങ്കിലും അഭിപ്രായം പറയണോ എന്ന് ആലോചിക്കാൻ സമയമുണ്ട്. എല്ലാവരുമായും ചർച്ച ചെയ്തിട്ടേ അക്കാര്യങ്ങൾ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.