എന്ത് പ്രശ്‌നമാണ് എന്റെ ശരീരം കണ്ടിട്ട് നിങ്ങള്‍ക്കുള്ളത്, ബോഡി ഷെയ്മിങ്ങിനെതിരെ ഡോ. നെല്‍സണ്‍ ജോസഫ്

കമന്റിലൂടെ ബോഡി ഷെയ്മിങ് നടത്തിയയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വല്ല് ജിമ്മിലും പോയി തടി മെച്ചപ്പെടുത്ത് ഈ കരയുന്ന നേരം.. തല്ല് കിട്ടിയാലും താങ്ങാന്‍ പറ്റും.. അല്ലാതെ ചുമ്മാ ഇവിടെ കിടന്നു തള്ളിയിട്ട് കാര്യമില്ല.. കാറ്റിനനുസരിച്ചു തൂറ്റി എല്ലാ വിഷയത്തിലും നല്ലവന്‍/ നെന്മ മരം ചമയുന്ന ഈ പരിപാടി അങ്ങ് നിര്‍ത്തിയേര് നെത്സാ..പണമുണ്ടാക്ക്ാന്‍ ചിലപ്പോള്‍ രണ്ട് പൊട്ടീരും സഹിക്കേണ്ടി വരും. ചുമ്മാ ആളാവാന്‍ പോസ്റ്റ് ഇട്ട് ഇവസരം ഉണ്ടാക്കി കൊടുക്കേണ്ട.. തല്ലു താങ്ങാനുള്ള ആരോഗ്യം എങ്കിലും വേണ്ടേ.. എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്.

ഞാന്‍ എങ്ങനെയിരുന്നാല്‍ നിങ്ങള്‍ക്കെന്താണ്? എനിക്കില്ലാത്ത, എന്റെ കെട്ടിയോള്‍ക്കും വീട്ടുകാര്‍ക്കും കൊച്ചിനുമില്ലാത്ത എന്ത് പ്രശ്‌നമാണ് എന്റെ ശരീരം കണ്ടിട്ട് നിങ്ങള്‍ക്കുള്ളത്. ഒരുത്തന്റെയും / ഒരുത്തിയുടെയും തല്ല് വാങ്ങിച്ചോളാം എന്ന് വാക്ക് കൊടുത്തിട്ടല്ല എം.ബി.ബി.എസ് എടുത്തത്. ഇനി അങ്ങനൊന്ന് കൊടുക്കാനും ഉദ്ദേശിക്കുന്നില്ല.- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നെല്‍സന്റെ കുറിപ്പ് ഇങ്ങനെ, എന്റെ ശരീരം. ഈ ശരീരം വച്ചുതന്നെയാണ് കഴിഞ്ഞ ഒന്നരക്കൊല്ലം കൊവിഡ് സമയത്തടക്കം ദിവസേന ആശുപത്രിയില്‍ പൊയ്‌ക്കൊണ്ടിരുന്നത്. കഴിഞ്ഞ ആറ് മാസം ദിവസേന എഴുപത് കിലോമീറ്ററിനടുത്ത് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അടക്കം ഉപയോഗിച്ച് ജോലി ചെയ്തുകൊണ്ടിരുന്നത്. രാത്രിയിലെ ഉറക്കമടക്കം ഒഴിച്ച് ആരോഗ്യവിഷയങ്ങളിലും അല്ലാത്ത വിഷയങ്ങളിലും പറ്റുന്നപോലെയൊക്കെ കുറിപ്പുകള്‍ എഴുതിയിരുന്നത്. ഞാന്‍ എങ്ങനെയിരുന്നാല്‍ നിങ്ങള്‍ക്കെന്താണ്?

എനിക്കില്ലാത്ത, എന്റെ കെട്ടിയോള്‍ക്കും വീട്ടുകാര്‍ക്കും കൊച്ചിനുമില്ലാത്ത എന്ത് പ്രശ്‌നമാണ് എന്റെ ശരീരം കണ്ടിട്ട് നിങ്ങള്‍ക്കുള്ളത്. ഒരുത്തന്റെയും / ഒരുത്തിയുടെയും തല്ല് വാങ്ങിച്ചോളാം എന്ന് വാക്ക് കൊടുത്തിട്ടല്ല എം.ബി.ബി.എസ് എടുത്തത്. ഇനി അങ്ങനൊന്ന് കൊടുക്കാനും ഉദ്ദേശിക്കുന്നില്ല.

ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം വാങ്ങുന്നതിന് തല്ലാന്‍ വരുന്ന ഒരാളെയും ടോളറേറ്റ് ചെയ്യാനും ഉദ്ദേശിക്കുന്നില്ല. തല്ല് കൊള്ളാന്‍ ശരീരം നന്നാക്കണമത്രേ? എന്ത് കോപ്പിന്? രണ്ടാണ് പ്രശ്‌നം..ഒന്ന് നീയൊക്കെ എന്ത് ചെയ്താലും ഞങ്ങള്‍ തല്ലുമെന്ന ധാര്‍ഷ്ട്യം. രണ്ട് ഒരു തല്ല് കൊള്ളാനുള്ള ആരോഗ്യം പോലും നിനക്കില്ലെന്നു ള്ള അധിക്ഷേപം.. രണ്ടും എട്ടായിട്ട് മടക്കി സ്വന്തം കീശയില്‍ത്തന്നെ വച്ചാല്‍ മതി.
ഈ രൂപത്തിന് എന്താണ് കുറവായിട്ട് നിങ്ങള്‍ കണ്ടിട്ടുളളത്?

ഇത് ഞാന്‍ സെലക്റ്റ് ചെയ്‌തെടുത്ത രൂപവും ശബ്ദവുമൊന്നുമല്ല. എന്നെപ്പോലെയുളളവരുടേത് കൂടിയാണ് ഈ ലോകം. അത് ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.. I will not hide anymore ‘ This is me ‘ So, tell me, what the hell is your problem?