കൊടകര കുഴൽപ്പണകേസിൽ ഇഡി കളത്തിലിറങ്ങി

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി.കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി പ്രാഥമിക അന്വേഷണം തുടങ്ങിയത്. പത്തു ദിവസത്തെ സാവകാശമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പൊലീസിൽ നിന്ന് എഫ്‌ഐആർ വിവരങ്ങളും ശേഖരിച്ചു. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

കുഴൽപ്പണകേസിൽ പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിൽ വിദേശ ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ കൂടുതൽ തെളിവുകൾ കിട്ടിയാൽ സാഹചര്യമനുസരിച്ച് ഇടപെടാമെന്നും പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നുമായിരുന്നു ആദ്യഘട്ടത്തിൽ ഇഡി അറിയിച്ചത്.