വേനൽ കനക്കുന്നു, വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍, സർചാർജ് കൂടാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റായിരുന്നെങ്കില്‍ ഇന്നലെ 104.63 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഉപയോഗം വര്‍ധിച്ചതോടെ ബോര്‍ഡിന്റെ ചെലവും വര്‍ധിച്ചു. ഈ മാസം വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത് 256 കോടി രൂപയാണ്.

പ്രതിദിനം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാകുന്നത് 9.5 കോടി രൂപയാണ്. വൈദ്യുതി ഉപയോഗം പരാമവധി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.

പവര്‍ എക്‌സ്‌ചേഞ്ചില്‍ യൂണിറ്റിന് ശരാശരി 12 രൂപയാണ് വില. ഏപ്രില്‍ മാസമാകുന്നതോടെ വൈദ്യുതി വാങ്ങാനുള്ള അധികചെലവ് പ്രതിദിനം 20 കോടിയായി ഉയരും. ചൊവ്വാഴ്ച പുറത്തു നിന്നും എത്തിച്ചത് 90.16 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരം ആറിനും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകാനും സാധ്യതയുണ്ട്.