
തിരുവനന്തപുരം. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുറച്ചു നാളുകളായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയാണെന്ന് ധനമന്ത്രി ആരോപിക്കുന്നു. ഇത് മൂലം സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും മന്ത്രി ആരോപിക്കുന്നു. രാഷ്ട്രായ ഭിന്നത മാറ്റിവെച്ച് സംസ്ഥാനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ കടം എടുപ്പ് പരിധി വലിയ തോതില്‍ വെട്ടിക്കുറച്ച നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും ധനമന്ത്രി പറഞ്ഞു. വായ്പ എടുത്തുമാത്രമാണ് നിലവില്‍ ഉദ്യോഗസ്ഥരുടെ അടക്കം ശമ്പളം സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന് വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുകയില്‍ വലിയതോതിലാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. 8000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കടം എടുക്കാന്‍ സാധിക്കുന്ന തുകയില്‍ നിന്നും കുറച്ചത്.
ഇതോടെ 15390 കോടി മാത്രമാണ് സംസ്ഥാനത്തിന് ഇനി കടം എടുക്കുവാന്‍ സാധിക്കുക. കഴിഞ്ഞ വര്‍ഷം 23000 കോടി കേരളം വായ്പ എടുത്തിരുന്നു. കേരളം ജിഎസ്ടിയുടെ മൂന്ന് ശതമാനം വായ്പ എടുക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു. വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി കേന്ദ്രത്തിന് കേരളം കത്ത് നല്‍കിയിരുന്നു.