അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നൽകി, ശിക്ഷ മരവിപ്പിച്ചു.

 

കൊച്ചി/ സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നൽകി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നിര്‍ത്തിവെച്ചുകൊണ്ടാണ് കര്‍ശന ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ജാമ്യ വ്യവസ്ഥ പ്രകാരം, അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിട്ടുപോകരുത് എന്ന ഉപാധിയും കോടതി വെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അർഹരാണെന്നും പ്രതികൾ വാദിച്ചു.

കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാംപ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് 2020 ഡിസംബര്‍ 23 ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നത്. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഇവർ ചോദ്യം ചെയ്യുകയുണ്ടായി.

സിബിഐ കോടതിയുടെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസ് വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ നീതിപൂര്‍വകമല്ലെന്നും പ്രതികള്‍ ആരോപണം ഉന്നയിച്ചിരുന്നു. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് സിബിഐ കോടതി പ്രതികളെ ശിക്ഷിക്കുന്നത്.

1992 മാർച്ച് 27ന് പുലർച്ചെയാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ഡിസംബർ 23-ന് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമായിരുന്നു അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കോടതി കണ്ടെത്തുന്നത്.