മധ്യവയസ്‌കനെ ഹണിട്രാപ്പില്‍ കുടുക്കി 19കാരന്‍, പിന്നിൽ വമ്പന്‍ ആസൂത്രണം

പാലക്കാട് : ഹണി ട്രാപ്പില്‍ കുടുക്കി മധ്യവയസ്‌കന്റെ പണം തട്ടിയ 19 വയസുകാരന്‍ പിടിയില്‍. പാലക്കാട് കോങ്ങാട് സ്വദേശി മുഹമ്മദ് ഹാരിഫിനെ കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസാണ് പിടികൂടിയത്. ഹാരിഫ് ഉള്‍പ്പെട്ട സംഘം മധ്യവയസ്‌കന് ആദ്യം ചില ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത് വലയില്‍ അകപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഇതേ കാര്യങ്ങള്‍ വച്ച് മധ്യവയസ്‌കനെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ആരംഭിച്ചു. തുടര്‍ന്ന് ഇവര്‍ തന്നെ ഒരു ഇന്‍സ്‌പെക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കേസ് ഒതുക്കി തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു. കേസ് ഒതുക്കി തീര്‍ക്കാനാണ് സംഘം 40000 രൂപ മധ്യവയസ്‌കനോട് ആവശ്യപ്പെടുകയായിരുന്നു.

പിടിയിലായ ഹാരിഫിനെക്കൂടാതെ 16 വയസുകാരനായ മറ്റൊരു കുട്ടിയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ നമ്പരാണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത് . പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.