സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം അശാസ്‌ത്രീയം; ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പുമായി ഐ‌എം‌എ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കടകളും വ്യാപാര സ്ഥാപനങ്ങളും കുറഞ്ഞ സമയം മാത്രം തുറന്നിരിക്കുമ്ബോള്‍ ആള്‍ക്കൂട്ടമുണ്ടാകും. അതിനാല്‍ കൂടുതല്‍ സമയം തുറന്നിരിക്കുന്ന രീതിയാകണം വേണ്ടതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെടുന്നത്.

പരിശോധനാ രീതിയിലും മാറ്റങ്ങള്‍ വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ടെസ്‌റ്റിംഗ് രോഗികളെ കണ്ടെത്തുന്ന തരമല്ല. കോണ്‍ട്രാക്‌ട് ടെസ്‌റ്റിംഗാണ് വേണ്ടത്. ഹോം ഐസൊലേഷന്‍ ആദ്യഘട്ടത്തില്‍ ഫലപ്രദമായിരുന്നെങ്കില്‍ ഇപ്പോഴത് പരാജയപ്പെട്ട അവസ്ഥയിലാണ്. ഐസൊലേഷനില്‍ ആളുള‌ളപ്പോള്‍ തന്നെ വീട്ടിലെല്ലാവ‌ക്കും കൊവിഡ് പോസിറ്റീവാകുന്ന അവസ്ഥയിസലാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാര്‍പ്പിച്ചാല്‍ മാത്രമേ വീടുകളിലെ ക്ലസ്റ്റര്‍ ഫോര്‍മേഷനും രൂക്ഷ വ്യാപനവും തടയാന്‍ സാധിക്കുകയുള്ളൂ.

കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും.ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ വേണം.കൂട്ടം ചേരലുകള്‍ കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങളും മറ്റു മേഖലകളിലെ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണം.

ജനങ്ങളെ രക്ഷിക്കുന്ന ചുമതലയില്‍നിന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറകോട്ട് പോയതായി പറയുന്ന ഐ.എം.എ അടിയന്തരമായി വാക്സിന്‍ ലഭ്യമാക്കി വാക്സിനേഷന്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ അടുത്ത തരംഗവും വന്‍ നാശം വിതയ്ക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

സീറോ സര്‍വൈലന്‍സ് സര്‍വെ നടത്തേണ്ടത് അത്യാവശ്യമാണ്. ജനങ്ങളില്‍ 30 ശതമാനത്തിന് മാത്രമേ രോഗപ്രതിരോധ ശക്തി വന്നിട്ടുള‌ളൂ. ബാക്കി 70 ശതമാനത്തിനും രോഗം ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. ഇവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. 80 ശതമാനമ പേരെങ്കിലും പ്രതിരോധ ശേഷി ആര്‍ജ്ജിച്ചാലേ മഹാമാരി അവസാനിക്കൂവെന്നും ഐഎം‌എ ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യണമെന്നും ഐഎംഎ അറിയിച്ചു.