മാലിദ്വീപ് മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടത്തിയ മോശം പരാമർശം; അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: മാലിദ്വീപ് മന്ത്രിയുടെ മോശം പരാമർശത്തില്‍ ഇന്ത്യ മാലിദ്വീപിനെ അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിലാണ് അതൃപ്തി അറിയിച്ചത്. യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോശം പരാമർശം നടത്തിയത്. എന്നാൽ പരാമർശം വിവാദമായതോടെ ട്വീറ്റുകൾ മന്ത്രി നീക്കി.

നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മാജിദ് ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് എക്സില്‍ പോസ്റ്റ് ഇട്ടതാണ് വിവാദമായത്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു.

ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മാലിദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞത്.

ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നവര്‍ കൂട്ടത്തോടെ ബുക്കിംഗ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സില്‍ ‘ബോയ്കോട്ട് മാല്‍ഡവ്സ്’ ക്യാംപെയിന്‍ തുടങ്ങിയിരുന്നു.