തീവ്രവാദികളെ തുരത്താൻ ശ്രമം, ജമ്മു കാശ്‌മീരിൽ ആറാം ദിനവും തിരച്ചിൽ തുടർന്ന് സൈന്യം, ഭീകരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ശ്രീനഗർ : ജമ്മു കാശ്‌മീരിൽ ആറാം ദിനവും തീവ്രവാദികളെ തുരത്താൻ ശ്രമം തുടർന്ന് സേന. ജമ്മുകാശ്‌മീരിലെ അനന്ദ്‌നാഗിലുള്ള ഗദോൾ നിബിഡ വനങ്ങളിൽ നിന്ന് ഭീകരരെ തുരത്താനുള്ള ശ്രമമാണ് തുടരുന്നത്. 120ലേറെ മണിക്കൂറുകളായി തുടരുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരന്റെ കത്തിക്കരിഞ്ഞ മൃതദേഹം സൈന്യം കണ്ടെടുത്തു.

സ്ത്രത്തിന്റെ പാറ്റേൺ അനുസരിച്ച് മൃതദേഹം ഭീകരന്റേതാണെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇന്ന് അതിരാവിലെയാണ് ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ സേന വീണ്ടും ആരംഭിച്ചത്. മറ്റൊരു സൈനികന്റെ മൃതദേഹം ഡ്രോണിലൂടെ തിരിച്ചറിഞ്ഞത് വീണ്ടെടുക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. ഒരു ഭീകരന്റെ മൃതദേഹവും ഇത്തരത്തിൽ കണ്ടെത്തി.

പാര കമാൻഡോകൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ ട്രൂപ്പുകളാണ് പോരാട്ട രംഗത്തുള്ളത്. കനത്ത കാടുകളെ മറയാക്കിയാണ് ഭീകരർ വെടിവയ്പ്പ് നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്‌ച തുടങ്ങിയ പോരാട്ടത്തിനിടെ നൂറുകണക്കിന് മോട്ടോർ ഷെല്ലുകളും റോക്കറ്റുകളും ഭീകരർക്കുനേരെ ഇന്ത്യൻ സേന വർശിച്ചു.

ഭീകരുമായുള്ള ഏറ്റുമുട്ടലിനിടെ ബുധനാഴ്‌ച രണ്ട് സൈനികരും ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചിരുന്നു. രണ്ട് സൈനികർക്ക് പരിക്ക് പറ്റുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് സൈന്യവുമായി ഏറ്റുമുട്ടൽ നടത്തുന്നതെന്നാണ് കണക്കുകൂട്ടൽ. കൊടുംകാടുകളിലും യുദ്ധസമാനമായ സാഹചര്യങ്ങളിലും പോരാടുന്നതിന് പരിശീലനം ലഭിച്ചവരാണ് ഈ തീവ്രവാദികളെന്ന് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.