ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി, ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി, അടൂരിലേത് അപകടമരണമല്ല, ആത്മഹത്യയെന്ന് സൂചന

പത്തനംതിട്ട: അടൂരിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തിൽ ദുരൂഹത. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് സംശയിക്കുന്നത്. ആത്മഹത്യയെന്ന നി​ഗമനത്തിൽ പൊലീസ്. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെ ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അനുജ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഹാഷിമിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.