അയർലൻഡിൽ 33കാരി മലയാളി നഴ്‌സ്‌ മരിച്ചു

ഡബ്ലിൻ : അയർലൻഡിലെ കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരുന്ന രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ ശ്രീ സി. സി. ജോയിയുടെയും ശ്രീമതി ലിസി ജോയിയുടെയും മകളും, കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ വീട്ടിൽ ശ്രീ പോളിന്റെ ഭാര്യയുമായ ശ്രീമതി ജെസി പോൾ  (33 വയസ്സ്) നിര്യതയായി .

ട്രലിയിലെ ഔർ ലേഡി ഓഫ് ഫാത്തിമ കെയർഹോമിൽ രണ്ട് വർഷം മുൻപാണ് നഴ്സായി ജോലി ലഭിച്ച് ജെസി അയർലൻഡിൽ എത്തുന്നത്. തുടർന്ന് കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുൻപാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലി ലഭിക്കുന്നത്. പുതിയ ജോലി ലഭിച്ചതിനെ തുടർന്ന് ഏറെ സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ സ്തനാർബുദം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുമ്പോൾ തന്നെ കാൻസർ സ്റ്റേജ് ഫോർ ഫോറിലായിരുന്നു. ജോലിയിൽ പ്രവേശിക്കാനിരുന്ന ഹോസ്പിറ്റലിന്‍റെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഡിസംബർ 11 തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു മരണം.

മണ്ണത്തൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങൾ ആണ്. ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകൾ. ജോസി ജോയി ഏക സഹോദരനും. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്‍റെ ഭാഗമായി ജെസി കെയർ ഹോമിലെ ജോലി രാജി വെച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ടു ഭർത്താവും പാർട്ട്‌ ടൈം ജോലിയിൽ നിന്നും അവധി എടുത്തിരുന്നു.

ഇതേ തുടർന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.