ഉത്രയുടെ മരണം, ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലും സംഭവിക്കുന്നത് ഇതാണ്, ജോമോള്‍ ജോസഫ് പറയുന്നു

VINCE MATHEW

10 മാസം  ചുമന്ന കണക്കും, ഇരുപത് വയസ്സുവരെ വളര്‍ത്തി വലുതാക്കിയ കണക്കും പറയുന്ന മാതാപിതാക്കള്‍, മക്കള്‍ സ്വതന്ത്ര വ്യക്തികൾ എന്നത് പലപ്പോഴും മറന്നു പോകുന്നു. ജീവിത പങ്കാളിയേ തിരഞ്ഞെടുക്കുമ്പോൾ ഒരു പരിചയവും ഇല്ലാത്ത പുരുഷനൊപ്പം പോകാൻ അവൾ നിർബന്ധിതയാകുന്നു. ഒരു കൂടി കാഴ്ച്ച. ചിലപ്പോൾ അതും ഇല്ല. എൻ ഗേജ്മെന്റിൽ ഒന്നു കാണും. പിന്നെ താലി കെട്ടും. ഇങ്ങിനെ വെറും 2 പ്രാവശ്യമായി വെറും മിനിട്ടുകൾ മാത്രം പരിചയമുള്ള ഒരു പുരുഷനൊപ്പം ഒരു സ്ത്രീയേ രാത്രി കിടക്കാൻ വിടുന്നത് എത്ര അപകടകരമാണ്‌. അധികം പരിചയം ഒന്നും ഇല്ലാത്ത ഒരാൾക്കൊപ്പം രാത്രി കിടക്ക പങ്കിടുക..അവളുടെ മാനസീക അവസ്ഥ ആരറിയാൽ. ടെൻഷൻ, എന്ത് സംഭവിക്കും, ഇയാൾ എങ്ങിനെ ഉള്ള ആൾ..ആകെ മാനസീക പ്രശ്നങ്ങൾ വരെ ഉണ്ടാകും.

ഇത് മാതാപിതാക്കൾ അറിയില്ല. കാരണം അവർ വന്ന വഴിയിൽ നിന്നാണ്‌ അവർ ചിന്തിക്കുക. എന്നാൽ ലോകമാകെ മാറി. പഴയ ലോകമല്ല ഇപ്പോൾ..മക്കളുടെ അഭിരുചി, താല്പര്യം, സ്വാതന്ത്ര്യം, ഇതെല്ലാം കണ്ടെത്തി അവരുടെ മനസ്സ് വായിക്കാൻ ആണിന്റെയും പെണ്ണിന്റെയും മാതാപിതാക്കൾക്ക് സാധിക്കാതെ വന്നാൽ അത്തരം മക്കളുടെ ദാമ്പത്യം ജയിച്ചാൽ ജയിച്ചു എന്ന് മാത്രമേ പറയാനാകൂ. സയനൈഡ് കൊടുത്തും പെട്രോൾ ഒഴിച്ചു, കിണറ്റിൽ ഇട്ടും, കെട്ടി തൂക്കിയും വണ്ടി ഇടിപ്പിച്ചും, വിഷം നല്കിയും ഒക്കെ കൊന്ന് കൊന്ന് ഇപ്പോൾ പുതിയ ആയുധം എടുത്തിരിക്കുകയാണ്‌. വിഷ പാമ്പുകളേ..ഇതുമായി ബന്ധപ്പെട്ട് മോഡലും സോഷ്യൽ മീഡിയയിലെ സജീവവുമായ ജോമോൾ ജോസഫ് എഴുതുന്നത്.

വ്യക്തിബന്ധങ്ങള്‍ തകരുന്നതിന് പിന്നില്‍..

എല്ലാവരും സ്വതന്ത്ര വ്യക്തികള്‍ തന്നെയാണ്. പല വ്യക്തികള്‍ കൂടിച്ചേര്‍ന്ന് പോകുമ്പോള്‍ പലപ്പോഴും അവര്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാകുന്നത് കാണാം. അത് സൌഹൃദത്തിലായാലും കുടുംബത്തിനകത്തുള്ള വ്യക്തികള്‍ തമ്മിലായാലും, ഭാര്യാഭര്‍ക്കന്‍മാര്‍ തമ്മിലായാലും ഇത്തരം വഴക്കുകള്‍ ഉടലെടുക്കുന്നതിന് കാരണം ഓരോവ്യക്തിയിലേയും സ്വതന്ത്രവാദത്തില്‍ നിന്നും തന്നെയാണ്. വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ പ്രധാനമായും വരുന്ന വിഷയമാണ് ഓരോ വ്യക്തിയുടേയും കംഫര്‍ട്ട് സോണ്‍. ഏതൊരു വ്യക്തിക്കും അയാളുടേതായ കംഫര്‍ട്ട് സോണുണ്ട്, ആ കംഫര്‍ട്ട് സോണില്‍ നിന്നും മറ്റൊരാളുടെ കംഫര്‍ട്ട് സോണിന് വിധേയമാകേണ്ടി വരുന്ന സാഹചര്യങ്ങള്‍ തന്നെയാണ് ഏതൊരു അഭിപ്രായ വ്യത്യാസങ്ങള്‍ക്കും കാരണം എന്നു ഞാന്‍ കരുതുന്നു. വിശദീകരിക്കാം..

നമ്മുടെ മക്കള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മളവരോട് സമയം വൈകി, കളിമതിയാക്കി വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് പഠിക്കാനിരിക്കൂ എന്നാവശ്യപ്പെടുന്നു. മിക്കവാറും വീടുകളില്‍ നടക്കുന്ന സ്വാഭാവികമായ ഒരു കാര്യം മാത്രമാണ് ഇത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സംബന്ധിച്ച് കളിക്കുക എന്നതാണ് ആ സമയത്തെ അവന്റെ/അവളുടെ കംഫര്‍ട്ട് സോണ്‍. എന്നാല്‍ മാതാപിതാക്കളുടെ ചിന്താരീതിയില്‍ അവര്‍ മക്കള്‍ക്കായി ചില ചിട്ടകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്, ആ കുട്ടിയെ സംബന്ധിച്ച് ആ കുട്ടിയുടെ ജീവിതത്തെ കുറിച്ച് പല പ്ലാനിങ്ങുകളും അവര്‍ നടത്തുന്നു. ആ പ്ലാനിലേക്ക് അവര്‍ നിര്‍ബന്ധിച്ച് കുട്ടിയെ കൊണ്ടുവരികയാണ് ഇവിടെ ചെയ്യുന്നത്. അതായത് മാതാപിതാക്കളുടെ പ്ലാനിലേക്ക് ആ കുട്ടിയെ, ആ കുട്ടിയുടെ കംഫര്‍ട്ട് സോണിനെ മാനിക്കാതെ മോള്‍ഡ് ചെയ്‌തെടുക്കുകയാണ്. പലരും ആ മോള്‍ഡിങ്ങിന് വിധേയപ്പെടാം ചിലരൊക്കെ ആ മോള്‍ഡിങ്ങിന് നിന്നുകൊടുക്കുന്നു എന്ന തോന്നല്‍ മാതാപിതാക്കളില്‍ ഉളവാക്കി അവരുടെ കംഫര്‍ട്ട് സോണില്‍ തുടരാനാഗ്രഹിക്കുന്നു.

ഇതുപോലെ തന്നെയാണ് ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലും സംഭവിക്കുന്നത്.

ഭര്‍ത്താവിനും ഭാര്യക്കും വിവിധങ്ങളായ കംഫര്‍ട്ട് സോണായിരിക്കും, അതിനെ പരസ്പര മനസ്സിലാക്കലുകളിലൂടെ രണ്ടുപേര്‍ക്കും സ്വീകാര്യമായ ഒരു കംഫര്‍ട്ട് സോണിലേക്ക് എത്തിക്കാനാകാതെ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. ഈ മനസ്സിലാക്കലുകളുടെ അഭാവത്തിലുള്ള നിര്‍ബന്ധിക്കലുകളും അടിച്ചേല്‍പ്പിക്കലുകളും തുടരുമ്പോള്‍, മനസ്സില്ലാമനസ്സോടെയുള്ള വിധേയപ്പെടലുകള്‍ വിഷയങ്ങള്‍ക്ക് കാരണമാകുന്നു. നിവര്‍ത്തികേടുകൊണ്ടുള്ള വിധേയപ്പെടലുകള്‍ക്കിടയിലും സ്വന്തം കംഫര്‍ട്ട്‌സോണിലേക്ക് എത്തിപ്പെടാനായി പലരും ആഗ്രഹിക്കുന്നു. ഇതുകൊണ്ടു തന്നെയാണ് വഴിപിരിയലുകളിലേക്കെത്തുന്ന ഓരോ വ്യക്തിയും തന്റെ പങ്കാളിയെ കുറ്റപ്പെടുത്തി ‘അവന്/അവള്‍ക്ക് എന്നെ ഒരിക്കലും മനസ്സിലാക്കാനാകില്ല’ എന്ന സ്റ്റേറ്റ്‌മെന്റ് നടത്തുന്നത് കാണാന്‍ സാധിക്കുന്നത്. ഇവിടെയാണ് നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കേണ്ട അടിസ്ഥാന വിഷയം കടന്നു വരുന്നത്.

 

സുഹൃദ് ബന്ധങ്ങളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്.

ഓരോ വ്യക്തിയും സ്വതന്ത്ര വ്യക്തികളാണ്. ഓരോ സ്വതന്ത്ര വ്യക്തികള്‍ക്കും അവരുടേതായ കംഫര്‍ട്ട് സോണുകള്‍ ഉണ്ട്. ആ കംഫര്‍ട്ട് സോണുകള്‍ അവരുടെ താല്‍പര്യങ്ങളും, ആഗ്രഹങ്ങളും, പ്രിഫറന്‍സുകളും, ചോയ്‌സുകളും, പ്ലാനിങ്ങുകളും ഒക്കെ കൂടിയതാണ്. ഒന്നിലധികം വ്യക്തികളുടെ ഇടപെടലുകളോ, ഒരുമിച്ചുള്ള ജീവിതമോ ആകുമ്പോള്‍, കംഫര്‍ട്ട് സോണുകളെ പരസ്പരം മനസ്സിലാക്കി, തങ്ങളുടേതായ ഒരു കംഫര്‍ട്ട് സോണിലേക്കെത്താനാകാതെ ആ വ്യക്തിബന്ധങ്ങള്‍ തുടരേണ്ടി വരുമ്പോള്‍ അവിടെ നിര്‍ബന്ധിക്കലുകളും അടിച്ചേല്‍പ്പക്കലുകളും വിധേയപ്പെടലുകളും വേണ്ടിവരികയും, പതിയെ അതില്‍ നിന്നൊക്കെ സ്വതന്ത്രമായി സ്വന്തം കംഫര്‍ട്ട് സോണിലേക്ക് മടങ്ങാന്‍ ഏതൊരു വ്യക്തിയും നിര്‍ബന്ധിതരാകുകയോ, അതിന് കഴിയാതെ വരികയോ, അത്തരമൊരാഗ്രഹം വിധേയപ്പെടലിനെ മറികടക്കുകയും ചെയ്താല്‍ വ്യക്തികള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയോ വ്യക്തിബന്ധങ്ങള്‍ തകരുകയോ ചെയ്യാം. ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണ് തുടങ്ങിയാല്‍ പിന്നെ പോരാട്ടമോ, പിടിച്ചെടുക്കലോ, കീഴ്‌പ്പെടുത്തലോ, യുദ്ധമോ ഒക്കെയായി. പിന്നെ ജയിക്കലും തോല്‍പ്പിക്കലും മാത്രമായി മാറുന്നു ലക്ഷ്യവും പരിഗണനാ വിഷയവും.

പത്തുമാസം ചുമന്ന കണക്കും, ഇരുപത് വയസ്സുവരെ വളര്‍ത്തി വലുതാക്കിയ കണക്കും പറയുന്ന മാതാപിതാക്കള്‍, മക്കള്‍ സ്വതന്ത്ര വ്യക്തികളാണ് എന്നും അവരുടെ കംഫര്‍ട്ട് സോണിന് നിങ്ങളെത്രത്തോളം വിലങ്ങുതടിയോ തടസ്സമോ അയിരുന്നു എന്നതും കൂടി ചിന്തിച്ചാല്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താനാകും. അതിനൊക്കെ ആര്‍ക്ക് സമയം അല്ലേ? ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും, ഓരോരുത്തരുടേയും കംഫര്‍ട്ട് സോണുകളെ മാനിക്കണ്ടേതിനെ കുറിച്ചും അറിവും ബോധവും നല്‍കി മക്കളെ വളത്താനും, ഇതൊക്കെ മനസ്സിലാക്കി കൊണ്ടും അംഗീകരിച്ചുകൊണ്ടും അവരുടെ വളര്‍ച്ചക്ക് സഹായമാകാനും കഴിയണം.

കംഫര്‍ട്ട് സോണിലെ പ്രിഫറന്‍സുകള്‍ക്കും ഓരോ വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും ചോയ്‌സുകള്‍ക്കും ദിവസങ്ങള്‍ കഴിയുമ്പോള്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആ മാറ്റവും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വ്യക്തികളുടെ ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ, ചോയ്‌സുകളെ, പ്രിഫറന്‍സുകളെ മാനിക്കാന്‍ പഠിക്കാം. അതിനുമപ്പുറം ഓരോ വ്യക്തിയും സ്വതന്ത്ര വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ച് ഇടപെടല്‍ നടത്താന്‍ ആരംഭിക്കാം. എന്നെ മനസ്സിലാക്കുന്നില്ല എന്ന് നിരന്തരം പരിഭവിക്കുമ്പോള്‍, നമ്മളെന്താണെന്നും നമ്മുടെ കംഫര്‍ട്ട് സോണെന്താണ് എന്നും നമ്മുടെ സുഹൃത്തിനോ, മാതാപിതാക്കള്‍ക്കോ, പങ്കാളിക്കോ മനസ്സിലാക്കിക്കൊടുക്കാനായി നമ്മള്‍ എന്തു ചെയ്തു എന്നതും വിഷയമാണ്. ഈ മനസ്സിലാക്കി കൊടുക്കലില്‍ നമ്മളും പരാജയപ്പെടുമ്പോഴാണ് എന്നെ മനസ്സിലാക്കിയില്ല എന്ന പരാതി നമ്മള്‍ തന്നെ പറയേണ്ടി വരുന്നത്.

നബി സയനൈഡ് കൊടുത്തും പാമ്പിനെ കൊണ്ട് കടിപ്പിച്ചും സ്വന്തം പങ്കാളികളെ കൊന്നുതള്ളി സ്വത്ത് കൈക്കലാക്കാനായി നടക്കുന്ന ക്രിമിനലുകളുടെ ചിന്താഗതി വിലയിരുത്താന്‍ ഞാനാളല്ല.