മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പിസി ജോര്‍ജിനെതിരെ കേസെടുത്തു

തിരുവനന്തപുരം/ വനിത മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പിസി ജോര്‍ജ് പെരുമാറിയെന്നാണ് പരാതിയില്‍ മാധ്യമപ്രവര്‍ത്തക പറയുന്നത്. സംഭവത്തില്‍ പിസി ജോര്‍ജ് നേരത്തെ പരസ്യമായി ഖേദം പ്രകടപ്പിച്ചിരുന്നു. സോളാര്‍ കേസ് പ്രതിയുടെ പീഡനപരാതിയില്‍ പോലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയെ പി സി ജോര്‍ജ് അപമാനിച്ചത്. പരാതിയില്‍ മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് എന്നാല്‍ നിങ്ങളുടെ പേര് പറയാം എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി.