സൗജന്യ വാക്‌സിൻ, സൗജന്യ റേഷൻ: കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമെന്ന് തെളിയിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് കെ.സുരേന്ദ്രൻ

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനും 80 കോടി കുടുംബങ്ങൾക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാക്‌സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം വലുതാണെന്നും കെ. സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷൻ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധതയാണ് വ്യക്തമായതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്‌സിൻ അനുവദിച്ചതോടെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് വേഗത കൂടും. എല്ലാ വാക്‌സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരുമ്പോൾ ആശുപത്രികൾക്ക് വാക്‌സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂ. 23 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്‌സിനേഷൻ വേഗതയിൽ ലോകത്ത് ഒന്നാമതായി.