മാസമുറസമയത്ത് ഞാന്‍ വിളക്ക് വെച്ച്‌ പ്രാര്‍ത്ഥിച്ചു തുടങ്ങിയ കാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ കേറുന്നത് ആരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല

മാസമുറസമയത്ത് എന്റെ വീട്ടിൽ ഞാൻ വിളക്ക് വെച്ച്‌ പ്രാർത്ഥിച്ചു തുടങ്ങിയ കാലത്ത് ശബരിമലയിൽ സ്ത്രീകൾ കേറുന്നത് ആരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ലെന്ന് സൈക്കോളജിസ്റ്റ് കല മോഹൻ. യഥാർത്ഥത്തിൽ എന്താണ് വിശ്വാസം, വെറുതെ കണ്ണടച്ച്‌ നിൽക്കലോ. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമൊക്കെ പേരിലല്ലേ വ്യത്യാസം. പ്രാർത്ഥനയുടെ കാര്യത്തിൽ എല്ലാവരും ഒരു പോലെയല്ലേയെന്ന് കല മോഹൻ ചോദിക്കുന്നു

കുറിപ്പിന്റെ പൂർണ്മരൂപം

ഞാനും എന്റെ ദൈവവും.. സത്യത്തിൽ ഒരു പ്രായം വരെ അമ്പലത്തിൽ പോയാൽ ഞാൻ കണ്ണടച്ചു പ്രാർത്ഥിക്കും പോലെ നിന്നിട്ട് ചുറ്റുമുള്ളവരെ വായി നോക്കുക മാത്രമായിരുന്നു.. ഏതാണ്ട് കൗമാരപ്രായം കഴിയും വരെ അങ്ങനെ തന്നെയായിരുന്നു.. മാർക്ക്‌ കിട്ടുന്നതിന്റെ തലേന്ന് പോയി കുറെ കാര്യങ്ങൾ നിരത്തും.. കിട്ടി കഴിഞ്ഞാൽ പിന്നെ ആ വഴിക്ക് ഇല്ല.. മാസമുറ സമയത്തു ചിലപ്പോൾ അതിഭീകര ഭക്തി തോന്നും.. അപ്പൊ അമ്മ വിളക്കിന്റെ അരികെ പോലും പോകാൻ സമ്മതിക്കില്ല.. അതെന്താ കേറിയാല് എന്നൊക്കെ കോനിഷ്ഡ് തോന്നിയാലും അതങ്ങനെ ഉള്ളിൽ ഒതുക്കി..

കോൺവെന്റ് സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം എന്നുള്ളത് കൊണ്ട് ഉച്ചയ്ക്ക് ഒരു നടപ്പായിക്കോട്ടെ എന്ന് കരുതി സ്കൂളിന്റെ ചാപ്പലിൽ പോയിരിക്കും.. ആ അന്തരീക്ഷം അമ്പലത്തിലേക്കാൾ ഇഷ്‌ടമായിരുന്നു..
പ്രാർത്ഥനകൾ, ഭഗവത് ഗീത ഒക്കെ പഠിപ്പിച്ചു തരാൻ തൊട്ടു അയല്വക്കത് N. V കൃഷ്ണവാരിയർ എന്ന വലിയ മനുഷ്യൻ ഉണ്ട്.. അങ്ങനെ പഠിച്ചത് ഇന്നും ഓർമ്മയിലുണ്ട്.. വിദ്യാധിരാജ സ്കൂളിൽ ആയിരുന്നപ്പോൾ അമ്മുമ്മ ടീച്ചർ മനഃപാഠമാക്കിയ ദേവി സ്തുതികളും.. ഇതിനപ്പുറം ദൈവമേ എന്ന് നെഞ്ച് പൊട്ടി കരയുന്ന അവസ്ഥയൊന്നും അന്ന് വന്നിട്ടില്ല.. വിവാഹം കഴിഞ്ഞാണ് അമ്പലത്തിൽ പോയി ഉള്ളു തുറന്ന് പ്രാർത്ഥിച്ചു തുടങ്ങിയത്.മാസമുറസമയത്ത് എന്റെ വീട്ടിൽ ഞാൻ വിളക്ക് വെച്ച് പ്രാർത്ഥിച്ചു തുടങ്ങിയ കാലത്ത് ശബരിമലയിൽ സ്ത്രീകൾ കേറുന്നത് ആരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല..

അമ്പലത്തിൽ കേറില്ല, അതൊരു കൂട്ടായ്മയുടെ വിശ്വാസം.. പക്ഷെ അന്ന് മുതൽ ഇന്ന് വരെ എനിക്ക് വീട്ടിൽ അതിൽ വിലക്കില്ല.. മാസമുറ സമയത്തു ഞാൻ പ്രാർത്ഥിക്കും.. എന്റെ വീട്ടിലെ ജോലി ചെയ്യാൻ എത്തിയ മുസ്ലിം സ്ത്രീ ആണ് അവരുടെ പ്രാർത്ഥന ഓതാൻ പഠിപ്പിച്ചത്.. കൊല്ലത്തു, ഉള്ള ഒരു മുസ്ലിം പള്ളിയിൽ എല്ലാ മതക്കാരും കേറും.. സ്ത്രീകളും.. ഞാനും മോളും അവിടെ പോയി പച്ചപ്പട്ടു വാങ്ങി കൊടുക്കുകയും ചന്ദനത്തിരി കത്തിക്കുകയും ചെയ്യുമായിരുന്നു… തിരുവനന്തപുരം വരും വഴിയും അങ്ങനെ ഒരു പള്ളി ഉണ്ട്…
അവിടെ പഴക്കുല നേർച്ച ആണ്..ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു ഞാനവിടെ കുല കൊണ്ട് വെയ്ക്കും..

നാടും വീടും വിട്ടെറിഞ്ഞു മോളേം കൊണ്ട് കേശവദാസപുരത്ത് മാതാവിന്റെ രൂപത്തിന് മുന്നില് വന്നു നിന്നപ്പോൾ ആദ്യായി പൊട്ടിക്കരഞ്ഞു.. ആരും കാണുന്നുണ്ടോ എന്ന് ഓർക്കാതെ.. പിറ്റേന്ന് മുതൽ കോളേജില് ജോലി ചെയ്തു തുടങ്ങി.. കർമ്മം ആണല്ലോ ഈശ്വരൻ.. ഇടയ്ക്ക് തോന്നുമ്പോൾ ശ്രീപദ്മനാഭനെ പോയി കാണുമായിരുന്നു.. ഭദ്രകാളിയെയും അയ്യപ്പനെയും പോയി കണ്ടു നന്ദി പറയാതെ വയ്യല്ലോ..

ആരും തുണ ഇല്ലാത്ത ഈ സ്ഥലത്ത് എനിക്ക് ഒരു കിടപ്പാടം മൂന്ന് മാസത്തിനകം സ്വന്തമായതാണ്..
നാലാഞ്ചിറ നിന്നും കേശവദാസപുരം എത്തും മുന്പ് ഒരു മുസ്ലിം പള്ളിയിൽ ഇടയ്ക്ക് നേർച്ച ഇടാനൊന്നു ഇറങ്ങും.. കാര്യം ഇങ്ങനെ ഒക്കെ ആണേലും എന്റെ ദൈവം എന്റെ വീട്ടിലാണ്.. മാസമുറയോ മറ്റെന്ത് പ്രശ്നമോ ആയാലും ഞാൻ വിളക്ക് വെയ്ക്കും.. ചിലപ്പോൾ നന്നായി വഴക്ക് കൂടും.. എന്റെ കാമുകനായ ശിവനോട് നിശ്ശബ്ദമായി പരിഭവം പറയും.. എന്നെ കാണാൻ എത്തുന്ന ആളുകൾ നേരെ നോക്കിയാൽ മാതാവിന്റെ ശാന്തമായ മുഖം കാണാം. അവർക്കൊരു സാന്ത്വനം ആകട്ടെ.. മനസ്സുകൾ തൊട്ടു കർമ്മം ചെയ്യുന്ന എനിക്കും..

എന്റെ മോളോട് ഞാൻ പറയാറുണ്ട്.. ഏതു ജാതിയോ മതമോ നിന്റെ തുണ ആകട്ടെ.. അവൻ പക്ഷെ ജോലി എന്തെന്ന് ചോദിച്ചാൽ രാഷ്ട്രീയം എന്ന് പറയരുത്. അതൊരു ജോലി ആയി കാണുന്നവനെ ഭയക്കണം.. രാഷ്ട്രീയമെന്നത് സേവനമാണ്..ആർക്ക് ഇഷ്‌ടമില്ല എങ്കിലും ഞാനിവിടെ ഉണ്ടാകും.. ഇതെന്റെ നീതി.. ആരുമില്ലാത്തവർക്ക് ദൈവം തുണ.. മനുഷ്യത്വം ആണല്ലോ നല്ല മതം.. ആവശ്യം, അത്യാവശ്യം, അനാവശ്യം, ഈ മൂന്നു ആവശ്യങ്ങളും തിരിച്ചറിഞ്ഞു മുന്നോട്ട് നീങ്ങിയാൽ മതി…