കോഴിക്കോട്ട് പെൺവാണിഭ സംഘം മലയാളികൾ ഉൾപ്പടെ അൻപതിലേറെ യുവതികളെ കെണിയിലാക്കി മണിക്കൂറിന് 3000 രൂപക്ക് വിറ്റു

കോഴിക്കോട് . ക്ലാസിഫൈഡ് വെബ്‌സൈറ്റുകളിൽ നമ്പര്‍ നല്‍കി വാട്‌സ്ആപ്പ് മുഖേന യുവതികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന പെണ്‍വാണിഭത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗളൂരുവില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘം ആണ് കോഴിക്കോട് പോലീസ് പിടിയിലായിരുന്നത്.

നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരായെത്തിയ മൂന്നുപേരെയുമാണ് കസബ പോലീസ് സംഭവത്തിൽ അറസ്റ്റുചെയ്തത്. മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞ്ഞാലില്‍ സനീഷ് (35), പാലക്കാട് ആലത്തൂര്‍ പത്തനാപുരം ഷമീര്‍ (33) എന്നിവരാണ് പിടിയിലായ നടത്തിപ്പുകാര്‍. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇടപാടുകാരായി എത്തിയ മൂന്നുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പത്തു യുവതികളെയാണ് പെണ്‍വാണിഭത്തിനായി സംഘം എത്തിച്ചിരുന്നതെന്നാണ് പോലീസ് ആദ്യം കണ്ടെത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതികളെ കോടതി നിര്‍ദേശപ്രകാരം ബന്ധുക്കള്‍ക്കൊപ്പം തുടർന്ന് വിട്ടയക്കുകയായിരുന്നു.

വെബ്‌സൈറ്റില്‍ നമ്പര്‍ നല്‍കി വന്ന സംഘം വാട്‌സ്ആപ്പ് മുഖേന യുവതികളുടെ ഫോട്ടോ അയച്ചുകൊടുത്താണ് ഇടപാടുകാരെ കണ്ടെത്തി വന്നിരുന്നത്. മണിക്കൂറുകള്‍ക്ക് മൂവായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ഇവർ ഈടാക്കി വന്നിരുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജുവിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.

പെണ്‍വാണിഭത്തിനായി പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും. കോഴിക്കോട്ടുകാരായ നിരവധി സ്ത്രീകള്‍ സംഘത്തിന്റെ വലയില്‍പ്പെട്ടതായാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ മൊബൈല്‍ഫോണില്‍ നിന്നു പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തുമെന്ന് പോലീസ് പറഞ്ഞു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, എസ്‌ഐ കെ. റസാഖ്, രജീഷ്, സാഹിറ, ശ്രീജേഷ്, നിറാസ്, വിഷ്ണുപ്രഭ, രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചു വരുന്നത്.