ഹെലികോപ്ടര്‍ ഷോട്ടുകള്‍ പായിക്കാനും ഇപ്പോഴും ക്രിക്കറ്റ് കളിക്കാനും മക്സൂമക്ക് ഇഷ്ടം, വൈറലായി വീഡിയോ

ക്രിക്കറ്റിന്‌ ഏറെ ആരാധകരുള്ള രാജ്യത്ത് വിരാട് കോലിയേപ്പോലെ സിക്സറുകള്‍ പായിക്കുന്ന ആറാം ക്ലാസുകാരി രാജ്യ ശ്രദ്ധ നേടുകയാണ്. വിരാട് കോലിയേപ്പോലെ സിക്സറുകള്‍ പായിക്കുകയാണ് ആറാം ക്ലാസുകാരി മക്സൂമ. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന ആഗ്രഹത്തോടെ രാജ്യത്ത് നിരവധി പേരാണ് പരിശീലനം നേടുന്നത്. അവരിൽ വളരെ കുറച്ച് പേരാണ് ദേശീയ ടീമിലേക്ക് എത്താറുള്ളത്. എന്നാല്‍ മക്സൂമ എന്ന ആറാം ക്ലാസുകാരി ഉറപ്പായും ദേശീയ ടീമിലെത്തുമെന്നാണ് വൈറലായ വീഡിയോ കാണുന്നവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആറാം ക്ലാസുകാരി ദീര്‍ഘ ദൂരത്തേക്ക് ഷോട്ടുകള്‍ പായിക്കുന്ന വീഡിയോ ലഡാക്കിലെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് പങ്കുവെച്ചിരിക്കുന്നത്.
വിരാട് കോലിയാണ് മക്സൂമ എന്ന ആറാം ക്ലാസുകാരിയുടെ പ്രിയ താരം. ചെറിയ പ്രായം മുതലേ ക്രിക്കറ്റിനോട് താല്‍പര്യമുണ്ടെന്നും പിതാവാണ് ക്രിക്കറ്റ് പഠിപ്പിച്ചതെന്നും മക്സൂമ പറഞ്ഞിരിക്കുന്നു. ഹെലികോപ്ടര്‍ ഷോട്ടുകള്‍ പായിക്കാനും എപ്പോഴും ക്രിക്കറ്റ് കളിക്കാനും ഇഷ്ടമാണെന്നും മക്സൂമ പറയുന്നത് വെറുതെയല്ലെന്ന് വീഡിയോ കാണുന്നവർക്ക് മനസിലാക്കാൻ കഴിയും.

സിംഗിളെടുത്ത് കളിക്കാന്‍ ഇഷ്ടമില്ല, ഇത്തിരി ക്ഷീണിച്ചാലെന്താ ഡബിളെടുത്ത് കളിക്കണം എന്നാണ് ഈ ആറാം ക്ലാസുകാരി പറയുന്നത്. വിരാടിനെ പോലെ ആവാനാണ് താല്‍പര്യമെന്നും മക്സൂമ പറയുന്നു. വീട്ടില്‍ പിതാവും സ്കൂളില്‍ അധ്യാപകരും മികച്ച പിന്തുണയാണ് മക്സൂമക്ക് നൽകി വരുന്നത്.