മാസപ്പടി വിവാദം, മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് എ.കെ. ബാലൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎലിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തിൽ മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. വീണാ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാെമന്നു നേരത്തെ തന്നെ കുഴൽനാടനോട് പറഞ്ഞതാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി.

വീണ ജി.എസ്.ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടനെന്ന് ബാലൻ പറഞ്ഞു. മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്‍റെ വിശ്വാസ്യത കൂട്ടുക. എല്ലാ രേഖയും വീണയുടെ കൈയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാള്‍ ഔപചാരിക കത്ത് കൊടുത്തത്. അത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നല്‍കാതിരുന്നത് -ബാലൻ പറഞ്ഞു.

‘ഔപചാരികമായി കത്തു കൊടുത്താൽ അതിന്റെ മറുപടി വരുന്നതു വരെ കാത്തിരിക്കണം. നുണ ഇങ്ങനെ പറഞ്ഞു പ്രചരിപ്പിക്കാൻ അനുവദിക്കരുത്. നുണക്കച്ചവടത്തിന്റെ ഹോൾ സെയിൽ ഏജന്റുമാരായി യുഡിഎഫും കോൺഗ്രസും മാറിയിരിക്കുന്നു.’– എ.കെ. ബാലൻ പറഞ്ഞു.

അതേസമയം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. ‘കാര്യങ്ങൾ കൃത്യമായി ജനങ്ങളോട് വിശദീകരിക്കും. അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ മടിക്കില്ല.’– അദ്ദേഹം പറഞ്ഞു.