ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം നഷ്ടപ്പെട്ടു, യുവാവിനെ ബന്ദിയാക്കി പണം തിരിച്ച് പിടിക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍

മലപ്പുറം. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാന്‍ യുവാവിനെ ബന്ദിയാക്കിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍. നിക്ഷേപ തുക സ്വീകരിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയ ശേഷം ബന്ധുക്കളോട് വിലപേശുകയായിരുന്നു. ഒരു ലക്ഷം നിക്ഷേപിച്ചാല്‍ മാസം 10000 രൂപ ലഭിക്കുന്ന ഓണ്‍ലൈന്‍ ട്രേഡിങ്ങിലാണ് പണം നഷ്ടപ്പെട്ടത്.

പ്രതികള്‍ ലക്ഷങ്ങളാണ് നിക്ഷേപം നടത്തിയത്. മലപ്പുറം കാളികാവ് സ്വദേശിയായിരുന്ന പണം സ്വീകരിച്ചത്. ഇവര്‍ക്ക് ആദ്യ മാസങ്ങളില്‍ കൃത്യമായി പണം ലഭിച്ചു. എന്നാല്‍ പണം സ്വീകരിച്ച വ്യക്തി സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് നിക്ഷേപം സ്വീകരിച്ച വ്യക്തിയെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി തടങ്കലില്‍ വെച്ചു.

തുടര്‍ന്ന് യുവാവിനെ മുന്‍നിര്‍ത്തി ബന്ധുക്കളോട് വിലപേശുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ യുവാവിനെ കണ്ടെത്തി.