മോര്‍ബി ദുരന്തം; ഒന്‍പതു പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്. ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്ന് 130 പേര്‍ മരിച്ച സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിന്റെ നവീകരണ ജോലി ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരും തൂക്കുപാലത്തിലെ ടിക്കറ്റ് വില്‍പ്പനക്കാരും സുരക്ഷാ ജീവനക്കാരുമാണ് അറസ്റ്റിലായത്. പാലത്തിന്റെ നവീകരണ ജോലി ചെയ്ത ഒറേവ എന്ന കമ്പനി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. 230 മീറ്റര്‍ നിളമുള്ള പാലം നവീകരണത്തിന് ശേഷം തുറന്നു കൊടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

മിച്ചു നദിക്ക് മുകളിലൂടെ 140 വര്‍ഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണി മാര്‍ച്ചിലാണ് കമ്പനി ഏറ്റെടുക്കുന്നത്. ഏഴ് മാസത്തിന് ശേഷം ഒക്ടോബര്‍ 26ന് വീണ്ടും തുറന്നു. അറ്റകുറ്റപ്പണിക്ക് 12 മാസംവരെ പാലം അടച്ചിടുവാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 7 മാസത്തിന് ശേഷം പാലം തുറന്നത് വീഴ്ചയാണെന്ന് പോലീസ് പറയുന്നു. ഏകദേശം 500 പേര്‍ക്ക് 12 രൂപ മുതല്‍ 17 രൂപ നിരക്കില്‍ ഇന്നലെ ടിക്കറ്റ് വിറ്റിരുന്നു.

500 പേര്‍ പാലത്തില്‍ കയറിയതിനാല്‍ പഴയ മെറ്റല്‍ കേബിളുകള്‍ പൊട്ടാന്‍ കാരണമായി. 125 പേര്‍ക്ക് മാത്രമാണ് പാലത്തില്‍ ഒരേസമയം കയറുവാന്‍ കഴിയു. അതേസമയം ചിലര്‍ കേബിള്‍ മനപൂര്‍വം കുലുക്കിയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതിനെ തുടര്‍ന്നാണ് ടിക്കറ്റ് വില്‍പ്പനക്കാരെയും സുരക്ഷാ ജീവനക്കാരെയും അറസ്റ്റ് ചെയ്തത്.