ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ. മെഡിക്കല്‍ കോളജില്‍ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ്. ചികിത്സ വൈകുകയോ വിദഗ്ധ ചികില്‍സയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നു. ഡോ തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച അപര്‍ണയുടെ കുടുംബവും നാട്ടുകാരും മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്ക് നിര്‍ബന്ധിത അവധി നല്‍കി.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവത്തിനായി കൈനകരി സ്വദേശി അപര്‍ണയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ലേബര്‍ റൂമിലേക്ക് മാറ്റി. പ്രസവം വൈകിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.