യു ഡി എഫിന് 18 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് മുസ്ലിം ലീഗ്; ന്യൂനപക്ഷ വോട്ടുകള്‍ ഗുണം ചെയ്തു

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് 18 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് മുസ്ലിം ലീഗ്. അഭിമാനപ്രശ്നമായി മുസ്ലിം ലീഗ് ഏറ്റെടുത്ത മണ്ഡലമായിരുന്നു വടകര. ഇവിടെ വലിയ ഭൂരിപക്ഷത്തില്‍ കെ മുരളീധരന്‍ വിജയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍

മലപ്പുറത്ത് 2,10,000 വോട്ടിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിന് 70,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് യുഡിഎഫിന് വോട്ടായി മാറി. ന്യൂനപക്ഷ വോട്ടുകളും വലിയ രീതിയില്‍ യുഡിഎഫിന് ഗുണം ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

വടകരയില്‍ ലീഗിന് സ്വാധീനമുള്ളടിയത്തെല്ലാം വീടുകയറിയുള്ള പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ചത് ലീഗ് പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്വാധീന പ്രദേശങ്ങളില്‍ പലയിടത്തും സ്ലിപ്പുകള്‍ വീട്ടിലെത്തിക്കാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ലെന്നത് സത്യമാണ്. കോഴിക്കോടും ഇതേ അവസ്ഥ തന്നെയായിരുന്നുവെന്നും ലീഗ് വിലയിരുത്തുന്നു.