നരേന്ദ്രമോദി തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ താന്‍ പണം നിക്ഷേപിക്കുമെന്ന് രാഹുല്‍ഗാന്ധി; ന്യായ് പദ്ധതി ദാരിദ്ര്യത്തിനെതിരായ മിന്നലാക്രമണം

ബാലസോര്‍: ജന്‍ ധന്‍ യോജനയുടെ പേരില്‍ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനായി എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത നല്ലകാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍, അദ്ദേഹം പണം നല്‍കിയത് അനില്‍ അംബാനിക്കാണെന്നും രാഹുല്‍ ആരോപിച്ചു. മോദി തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ താന്‍ പണം നിക്ഷേപിക്കുമെന്നും കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ദാരിദ്ര്യത്തിനെതിരായ മിന്നലാക്രമണം ആയിരിക്കുമെന്നും രാഹുല്‍ അവകാശപ്പെട്ടു.

പാവപ്പെട്ടവര്‍ക്ക് ലക്ഷക്കണക്കിന് ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുടങ്ങാനായത് തന്റെ സര്‍ക്കാരിന്റെ നേട്ടമാണെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം.

കാര്‍ഷിക കടങ്ങള്‍ വീട്ടാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ജയിലില്‍ പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക കിസാന്‍ ബജറ്റ് കൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞു. വ്യവസായികളുടെ വമ്ബന്‍ കടങ്ങള്‍ എഴുതിത്തള്ളിയ ബിജെപി സര്‍ക്കാര്‍ കടക്കെണിയിലായ കര്‍ഷകരെ ദ്രോഹിക്കുന്നു. കടം വീട്ടാത്തതിന്റെ പേരില്‍ കര്‍ഷകര്‍ ജയിലില്‍ പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും. ന്യായ് പദ്ധതിയുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക ഒഡിഷയും ബിഹാറും പോലെയുള്ള സംസ്ഥാനങ്ങള്‍ക്കാവുമെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു

Source: B4Blaze