മോദിക്ക് പറക്കാം; അനുമതി നല്‍കി പാകിസ്താന്‍

ജൂണ്‍ 13,14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ പറന്നുപോകാന്‍ പാകിസ്താന്‍ അനുമതി നല്‍കി. അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആകെയുള്ള പതിനൊന്ന് വ്യോമപാതകളില്‍ ദക്ഷിണ പാകിസ്താനിലെ രണ്ടെണ്ണം മാത്രമാണ് പിന്നീട് തുറന്നത്. മെയ് 21ന് എസ്.സി.ഒയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനിലൂടെ കിര്‍ഗിസ്ഥാനിലേക്ക് പറക്കാന്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പാകിസ്താന്‍ അനുമതി നല്‍കിയിരുന്നു. ബാലാക്കോട്ടിന് ശേഷം ഇന്ത്യന്‍ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതായി ഇന്ത്യന്‍ വ്യോമസേന മെയ് 31ന് അറിയിച്ചിരുന്നു എങ്കിലും പാകിസ്താനും നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തു മാറ്റാതെ യാത്രാവിമാനങ്ങള്‍ക്ക് ഇരുരാജ്യങ്ങള്‍ക്കിടയിലും പറക്കാന്‍ സാധിക്കില്ല.