പാലത്തായി പീഡനകേസ്; ബി.ജെ.പി നേതാവായ പത്മരാജനെതിരെ നിര്‍ണായക തെളിവ്

പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ പെണ്‍കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ചതിന് തെളിവ് ലഭിച്ചെന്ന് പൊലീസ്. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടർന്ന് സ്‌കൂളിലെ ശുചിമുറിയിലെ ടൈലില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് പത്മരാജന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതാണ് കേസിലെ വഴിത്തിരിവായത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസില്‍ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.