‘മാധ്യമങ്ങളോട് കടക്കു പുറത്ത് എന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ നല്ല പിള്ള ചമയുന്നു- വി ഡി സതീശന്‍

 

തിരുവനന്തപുരം/ മുഖ്യമന്ത്രിക്ക് മറവി രോഗമാണ്, ഇന്നലെ വരെയുള്ള കാര്യങ്ങള്‍ മറന്നു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ‘മാധ്യമങ്ങളോട് കടക്കു പുറത്ത് എന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ നല്ല പിള്ള ചമയുകയാണെന്ന്’ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മുഖ്യമന്ത്രി സംസാരിക്കുന്നത് മറവി രോഗം ബാധിച്ച പോലെയാണ്. മുഖ്യമന്ത്രി ഇന്നലെ വരെയുള്ള കാര്യങ്ങള്‍ മറന്നു കൊണ്ടാണ് സംസാരിക്കുന്നത്. നിയമസഭയില്‍ മുമ്പ് ആക്രമണം നടത്തിയ പാര്‍ട്ടിയാണ് സിപിഎം – മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് വി ഡി സതീശന്‍ പറഞ്ഞു. എത്രയോ നാളുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ വേണ്ടിതന്നെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. എന്നാല്‍ ഭരണപക്ഷം മാന്യതയില്ലാതെ പെരുമാറി. മന്ത്രിമാര്‍ അടക്കം സഭയില്‍ ആക്രോശിച്ചു. പ്രകോപനം ഉണ്ടാക്കിയത് ഭരണപക്ഷമാണ്. അതാണ് അടിയന്തര പ്രമേയം വേണ്ടെന്ന് വെച്ചത്. ഭരണപക്ഷം എത്തിയത് ആസൂത്രണത്തോടെയായിരുന്നു. പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധം കാണിക്കാതെയാണ് സഭാ ടിവി ടെലികാസ്റ്റ് ചെയ്തത്.

സഭാ ടീവി ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സഭാ ടിവിയെ സിപിഎം ടിവിയാക്കാമെന്ന് കരുതേണ്ട. സഭ ടി വി ഇന്നത്തെ രീതി തുടർന്നാൽ സഭ ടി വി ബഹിഷ്കരിക്കും. സംപ്രേഷണത്തിനെതിരെ നിലപാടെടുക്കും. മാധ്യമ വിലക്ക് ഏർപ്പെടുത്തിയ ശേഷം പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയിലൂടെ കാണിക്കാതെ ഭരണപക്ഷത്തെ പ്രതിഷേധം മാത്രം കാണിച്ചു. വി ഡി സതീശന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഞാൻ ആരെയും ഇറക്കി വിട്ടിട്ടില്ല. വയനാട്ടിലെ വാര്‍ത്താസമ്മേളനത്തിനിടെ കൈരളിക്കാരും ദേശാഭിമാനി ലേഖകരും ഉത്തരം പറഞ്ഞിട്ടും വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താനായി വീണ്ടും വീണ്ടും അക്കാര്യം ചോദിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് താന്‍ പ്രതികരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ നിന്നും ആരോടും ഇറങ്ങിപ്പോകാന്‍ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചിട്ടില്ല, കടക്കു പുറത്തെന്ന് പറഞ്ഞിട്ടുമില്ല. മാധ്യമസിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പറഞ്ഞതും പിണറായി വിജയനാണ്. ചെവി ഇങ്ങോട്ട് കാണിച്ചാല്‍ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്നും സതീശൻ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാ ണെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും?. പൊലീസ് സീന്‍ മഹസര്‍പോലും തയ്യാറാക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസാണ് ഗാന്ധിചിത്രം തകര്‍ത്തത് എന്ന വിവരം എവിടെനിന്ന് കിട്ടി ? എസ് എഫ്ഐക്കാര്‍ പറഞ്ഞതാണോ ? അന്വേഷണം നടക്കുന്ന കാര്യത്തില്‍ പ്രതികരണം നടത്തുന്നത് അനൗചിത്യമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇനി എങ്ങനെ മാറ്റിപറയും. വി ഡി സതീശന്‍ ചോദിച്ചു.

പരിസ്ഥിതി ലോല മേഖലയിലും ജനങ്ങളെ വഞ്ചിച്ചത് പിണറായി വിജയനാണ്. ബഫര്‍സോണ്‍ 10 കിലോമീറ്റര്‍ ആക്കണമെന്ന് പറഞ്ഞത് പിണറായി സര്‍ക്കാരാണ്, കോണ്‍ഗ്രസല്ല. വി ഡി സതീശന്‍ പറഞ്ഞു. സ്വപ്‌ന സുരേഷിനെ സര്‍ക്കാരിന് ഭയമാണ്. മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് എഴുതി വെച്ചിട്ട് മാത്രം കാര്യമില്ല. കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കേരളത്തിലും കേന്ദ്രത്തിലും ഒരേ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് ഇരട്ട നിലപാടില്ല. മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് മുഖത്തു നോക്കി തന്നെ ചോദിക്കും. അതാരും വിലക്കാന്‍ നോക്കേണ്ട. സതീശന്‍ പറഞ്ഞു.