ചരിത്രവിജയത്തിന് പിന്നിൽ നിങ്ങളുടെ കഠിനാദ്ധ്വാനം, നന്ദി ഗുജറാത്ത്: പ്രധാനമന്ത്രി

ന്യൂഡൽഹി: വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിന്തുണച്ച ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ ജനങ്ങൾക്കും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നന്ദി ഗുജറാത്ത്.. വോട്ടെടുപ്പ് ഫലം കണ്ട് മനസ് നിറഞ്ഞു. വികസനത്തിന്റെ രാഷ്‌ട്രീയത്തെയാണ് ഗുജറാത്തിലെ ജനങ്ങൾ പിന്തുണച്ചത്. ഇനിയും ഇത് തുടരണമെന്നതാണ് അവരുടെ ആവശ്യവും ആഗ്രഹവുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാണ്. ഗുജറാത്തിലെ ജനങ്ങളുടെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

”ബിജെപിക്ക് വേണ്ടി അദ്ധ്വാനിച്ച ഓരോ കാര്യകർത്താക്കളോടും പറയാനുള്ളത് ഇതാണ്. നിങ്ങളോരോരുത്തരും ചാമ്പ്യൻമാരാണ്. നിങ്ങളുടെ കഠിനാദ്ധ്വാനമില്ലാതെ ഒരിക്കലും ഈ ചരിത്രവിജയം നേടാൻ ബിജെപിക്ക് കഴിയുമായിരുന്നില്ല. നമ്മുടെ പാർട്ടിയുടെ യഥാർത്ഥ ശക്തി നിങ്ങളാണ്” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഹിമാചൽ പ്രദേശിൽ ബിജെപിയെ പിന്തുണയ്‌ക്കുകയും സ്‌നേഹിക്കുകയും ചെയ്ത ജനങ്ങൾക്ക് നന്ദി. സംസ്ഥാനത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ബിജെപി തുടർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിൽ 135 സീറ്റുകളിൽ ബിജെപി വിജയിച്ചിരിക്കുകയാണ്. 21 സീറ്റുകളിൽ കൂടി ലീഡ് തുടരുന്ന ബിജെപി ആകെ 156 സീറ്റുകൾ നേടുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.

കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് ഇതുവരെ 12 സീറ്റുകളിലാണ് വിജയിക്കാനായത്. അഞ്ച് മണ്ഡലങ്ങളിൽ കൂടി നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് ലീഡ് നിലനിർത്തുന്നുണ്ട്. പരമാവധി 17 സീറ്റുകൾ കോൺഗ്രസിന് കിട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. നാല് സീറ്റുകളിൽ വിജയം സ്വന്തമാക്കി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരിക്കുകയാണ് ആംആദ്മി പാർട്ടി.