തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും മന്‍ കി ബാതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയായി വീണ്ടും വാക്ക് പാലിച്ച് മോദി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും മന്‍ കി ബാതുമായി എത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് ജൂണ്‍ 30 ന് ഉണ്ടാകും. ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊണ്ട് മൈഗവ്ഇന്ത്യയാണ് മന്‍ കി ബാതിന്റെ പുതിയ എപ്പിസോഡിനെപ്പറ്റി ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു പ്രധാനമന്ത്രിയുടെ കഴിഞ്ഞ ടേമിലെ അവസാന മന്‍ കി ബാത് പ്രക്ഷേപണം ചെയ്തത്. ‘സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവമാണ്. അടുത്ത രണ്ടു മാസം എല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കിലാകും. ഞാനും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ആരോഗ്യകരമായ ജനാധിപത്യ പാരമ്ബര്യത്തെ മാനിച്ചുകൊണ്ട്, അടുത്ത മന്‍ കീ ബാത് മെയ് മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാകും ഉണ്ടാവുക.

അതായത് മാര്‍ച്ച് മാസവും, ഏപ്രില്‍ മാസവും, മെയ് മാസവും എന്റെ മനസ്സിലുയരുന്ന കാര്യങ്ങള്‍ ഞാന്‍ തിരഞ്ഞെടുപ്പിനു ശേഷം പുതിയ വിശ്വാസത്തോടെ നിങ്ങളുടെ അനുഗ്രഹത്തിന്റെ ബലത്തില്‍ വീണ്ടും മന്‍ കീ ബാത്തിലൂടെ പറയാം. വര്‍ഷങ്ങളോളം നിങ്ങളോട് മന്‍ കീ ബാത് പറഞ്ഞുകൊണ്ടിരിക്കാം ‘

എന്നായിരുന്നു ഫെബ്രുവരിയിലെ മന്‍ കി ബാതിന്റെ അവസാനം പ്രധാനമന്ത്രി പറഞ്ഞത്. സത്യപ്രതിജ്ഞ മെയ് 30 ന് ആയിരുന്നതു കൊണ്ടാണ് മെയ് മാസത്തില്‍ മന്‍ കി ബാത് നടക്കാതിരുന്നത്.2014 ഒക്ടോബര്‍ മൂന്നിനായിരുന്നു ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മന്‍ കി ബാതിന്റെ ആദ്യ എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്. 2019 ഫെബ്രുവരി വരെ 54 എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്തു. രാജ്യത്തെ സംബന്ധിച്ച് നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രി മന്‍ കി ബാതില്‍ സംസാരിച്ചിരുന്നു.