സൗദിയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു

റിയാദ്: കൊറോണ പുതിയ രൂപത്തില്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൗദി അറേബ്യ കൈകൊണ്ട യാത്രാ വിലക്ക് ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വ്വീസ് പുനഃരാരംഭിച്ചു. സഊദിയില്‍ നിന്നും പുറത്തേക്ക് വിദേശികള്‍ക്ക് യാത്രയാകാമെന്ന സൗദി സിവില്‍ ഏവിയേഷന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചത്. പുതിയ തീരുമാന പ്രകാരം സൗദിയില്‍ നിന്നും ഇന്ന് (തിങ്കള്‍) മുതലുള്ള സര്‍വ്വീസുകള്‍ തുടരുമെന്ന് വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു.

സ്വദേശികള്‍ക്കൊഴികെയുള്ളവര്‍ക്ക് സൗദിയില്‍ നിന്നും പുറത്തേക്ക് പോകാമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍വ്വീസ് നടത്തുന്നതിനായി സൗദിയിലെത്തുന്ന വിദേശ വിമാനങ്ങളിലെ വിമാന ജീവനക്കാര്‍ പുറത്തേക്കിറങ്ങരുതെന്നും ഗ്രൗണ്ട് സ്റ്റാഫുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

അതേസമയം, സൗദിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, ജല, കര അതിര്‍ത്തികള്‍ അടഞ്ഞു തന്നെ കിടക്കുമെന്നും രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരുമെന്നാണ് സഊദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവാനയില്‍ വ്യക്തമാക്കിയത്. ഇതോടെ, ഒരാഴ്ച്ചക്ക് ശേഷം രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പുനഃപരിശോധിച്ച് ആവശ്യമെങ്കില്‍ പ്രവേശനം അനുവദിച്ചേക്കും.