നീനുവിന്റെ അമ്മ രഹ്ന കസ്റ്റഡിയിലെന്ന് സൂചന ; അഞ്ചു പേര്‍കൂടി അറസ്റ്റില്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ അഞ്ചു പേര്‍കൂടി അറസ്റ്റില്‍. കേസില്‍ ഇനി നീനുവിന്റെ മാതാവിനെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അവര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസന്‍ എന്നിവരെയാണു ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഷാനു, ഷിനു, വിഷ്ണു, എന്നിവരെ കോയമ്പത്തൂരില്‍ നിന്നും റമീസ്, ഹസന്‍ എന്നിവരെ പുനലൂരില്‍ നിന്നുമാണ് കൊല്ലം പോലീസ് പിടികൂടിയത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവരാണ് അഞ്ചുപേരും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനാലായി. കേസില്‍ പിടിയിലായവരെ കൊല്ലത്തേക്ക് ഇന്നലെ രാത്രിയോടെ എത്തിച്ചു. കോട്ടയത്തു നിന്നുള്ള അന്വേഷണ സംഘം പ്രതികളെ ഇന്നു പ്രതികളെ ഏറ്റു വാങ്ങി കോടതിയില്‍ ഹാജരാക്കും.

കേസിലെ പ്രധാനപ്രതി ഷാനു ചാക്കോയും അയാളുടെ കൂട്ടുകാരും ബന്ധുക്കളുമാണ് കേസില്‍ പങ്കാളികളായിരിക്കുന്നതെന്നും പോലീസ് പറയുന്നു. നേരത്തേ ഒന്നര ലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണ് ഇതെന്ന് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം പറയുന്നത് കേട്ടിരുന്നതായി അനീഷ് നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച അക്രമിസംഘം സഞ്ചരിച്ച വാഹനത്തില്‍ നിന്നും വടിവാള്‍ കണ്ടെടുത്തിരുന്നു.