ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍

മണ്ഡല മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിച്ചു. ആറുമണിക്ക് പുതിയ, ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് തുടങ്ങും.

നാളെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനാനുമതി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അടുത്ത നാല് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ട്. ഈ ദിവസങ്ങളില്‍ പമ്പാസ്നാനം അനുവദിക്കില്ല. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ നിലവില്‍ ശബരിമലയിലെത്തിയിട്ടുണ്ട്.

വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. പ്രതിദിനം മുപ്പതിനായിരെ പേര്‍ക്കാണ് അനുമതി. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.

ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കുന്നതോടുകൂടി നിലവിലെ മേല്‍ശാന്തി ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും ഇന്ന് രാത്രിയോടെ പതിനെട്ടാം പടിയിറങ്ങി വീടുകളിലേക്ക് മടങ്ങും.