ഉമ്മൻചാണ്ടിയേ വിശുദ്ധ പദവിയിലേക്ക് നിർദ്ദേശം- ചർച്ചകൾ ഇങ്ങിനെ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നതിനേക്കാൾ വിശുദ്ധ ഉമ്മൻചാണ്ടി എന്ന പേരിലേക്ക് ഇനി മാറുമോ. അന്തരിച്ച ഉമ്മൻ ചാണ്ടിയേ ഇനി ക്രിസ്ത്യാനികളും ആരാധകരും വിശുദ്ധ ഉമ്മൻചാണ്ടി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്ന് പ്രാർഥിക്കുമോ? അതിലേക്കുള്ള ചില ചർച്ചകൾ കൊച്ചിയിൽ നടന്നു.ഡിസിസി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ് ആയിരുന്നു വേദി.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനങ്ങൾ ഒഴുകുകയാണ്‌. അവിടെ എത്തുന്ന ആരാധകർക്ക് ആശ്വാസവും സമാധാനവും കിട്ടുന്നു. ചിലർക്ക് അത്ഭുതങ്ങൾ ഉണ്ടായി എന്ന് പറയുന്നു. ലോട്ടറി അടിച്ചു എന്ന വാർത്തകളും വന്നു. ജനങ്ങളുടെ വിശ്വാസം കണക്കിലെടുത്ത് ഉമ്മൻ ചാണ്ടിയേ വിശുദ്ധ പദവിയിലേക്ക് ഉയർത്തുമോ എന്നാണ്‌ ഉറ്റു നോക്കുന്നത്.പ്രതിപക്ഷ നേതാവും വിവിധ സഭാ നേതൃത്വങ്ങളും വിശുദ്ധപദവി സംബന്ധിച്ചുള്ള ചില ചർച്ചകളും നടന്നു.

ഉമ്മൻചാണ്ടി കേരളത്തിന്റെ ജനമനസ്സിൽ വിശുദ്ധനാക്കപ്പെട്ടുവെന്ന വാക്കുകളോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചർച്ചകൾക്ക് വേദിയിൽ
തുടക്കമിട്ടത്.രാഷ്ട്രീയത്തിലെ ശുദ്ധമായ വ്യക്തിത്വം ആയിരുന്നു. മരണ ശേഷം ഒരു നേതാവിനു ഇത്ര വലിയ അംഗീകാരം കിട്ടിയിട്ടില്ല.ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല. ഇക്കാര്യത്തിൽ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

എന്നാൽ ഈ കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത് ഓർത്തഡോക്സ് സഭാനേതൃത്വത്തിൽ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ. എന്നാൽ, ഓർത്തഡോക്സ് സഭ അൽമായരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ സംഭവങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് ഓർത്തഡോക്സ് സഭയിൽ നിന്നും വിശുദ്ധനാക്കുന്ന ആദ്യ അല്മായനാകുമോ ഉമ്മൻ ചാണ്ടി എന്നും ചോദ്യങ്ങൾ ഉയർന്നു. ക്രൈസ്തവ സഭയിൽ ആല്മായർ വിശുദ്ധന്മാരുണ്ട്.

ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ട ഓർത്തഡോക്സ് സഭയുടെ പ്രതികരണവും വന്നു. പ്രതികരണം പോസിറ്റീവ് ആണ്‌. സ്നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ വാക്കുകൾ. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു.

എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തിൽ അൽമായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരിയുടെ പരാമർശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.മത നേതാക്കൾ പച്ചക്കൊടി കാട്ടിയതോടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി നേതാവിനെ ഇനി ”വിശുദ്ധ ഉമ്മൻ ചാണ്ടീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്ന പ്രാർഥന ഉയർന്നേക്കാം”. വിശുദ്ധ പദവിയിലേക്ക് ഉയർത്തിയാൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ പള്ളികളും തിരുനാളുകളും എല്ലാം ഉണ്ടാകും.