ഞാന്‍ രാജ്യദ്രോഹക്കുറ്റമൊന്നും ചെയ്തിട്ടില്ല; ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍

ഉണ്ണി മുകുന്ദനെ വെറുതെയൊന്ന് തോണ്ടിയത് മുതല്‍ സന്തോഷ് കീഴാറ്റൂര്‍ ഉറങ്ങിക്കാണില്ല. ഒരു ഫേസ്ബുക്ക് കമന്റ് ഇത്രയൊക്കെ വിനയാകുമോ…. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ രംഗത്ത്. താന്‍ ഒരു രാജ്യദ്രോഹക്കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്ക് ഫേസ്ബുക്ക് പേജ് തിരിച്ചെടുക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും ചോദിക്കുകയാണ് സന്തോഷ് കൂഴാറ്റൂര്‍.

‘എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല. (കുറെ ദിവസങ്ങളായി ). ഒരു രാജ്യദ്രോഹ കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ല. എന്റെ പേജ് തിരിച്ച് കിട്ടുവാന്‍ എന്തെങ്കിലും വഴിയുണ്ടോ? അറിയുന്നവര്‍ പറഞ്ഞ്തരിക. കുറെ പേര്‍ വിളിച്ച് അവരുടെ കലാസൃഷ്ടികള്‍ മറ്റ് പൊതു സന്ദേശങ്ങള്‍ പേജിലൂടെ പ്രകാശനം ചെയ്യാന്‍ പറയുന്നുണ്ട്.’- സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്തിനാണ് ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസിലാകുന്നില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ഹനുമാന്‍ ജയന്തി ആശംസിച്ച നടന്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു കമന്റ് ചെയ്തതിനു ശേഷമാണ് സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്. ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ ‘ എന്നായിരുന്നു കീഴാറ്റൂരിന്റെ കമന്റ്. ഇതിനു ഉണ്ണി മറുപടി കൊടുക്കുകയും ചെയ്തു. ഇതോടുകൂടി ചോദ്യകര്‍ത്താവിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനുശേഷമാണ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് കാണാതായത്.