സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ അപമാനിച്ചു: ആറ് പേര്‍ക്കെതിരെ കേസെടുത്തു

സാമൂഹ്യമാധ്യമങ്ങളിലൂടെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ അപമാനിച്ചവര്‍ക്കെതിരെ കേസ്. പരാതിയില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. മാനന്തവാടി രൂപത പിആര്‍ഒ ടീം അംഗം ഫാ.നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അപമാനകരമായ വീഡിയോ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, മാനഹാനി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. സിസ്റ്റര്‍ ലൂസിയുടെ അഭിമുഖം തയ്യാറാക്കാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ഫാ. നോബിള്‍ പാറയ്ക്കല്‍ മോശക്കാരിയായി ചിത്രീകരിച്ചു എന്നാണ് പരാതി.

മഠത്തിന്റെ മുന്‍വാതില്‍ അടച്ചിടാറാണ് പതിവെന്നും എല്ലാവരും അടുക്കള വാതില്‍ വഴിയാണ് അകത്ത് പ്രവേശിക്കാറുള്ളതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു. തന്നെ കാണാന്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഇതുവഴി വന്ന സിസിടിവി ദൃശ്യം ഉപയോഗിച്ചാണ് താന്‍ മോശക്കാരിയാണെന്ന് പ്രചരിപ്പിച്ചത്. അടുക്കള വാതിലിലൂടെ അകത്തേക്ക് പുരുഷന്മാരെ കയറ്റുന്നു എന്ന പേരില്‍ തയ്യാറാക്കിയ വീഡിയോ ഫാ.നോബിള്‍ പാറയ്ക്കല്‍ യൂട്യൂബിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിച്ചിരുന്നു.