അച്ഛന്‍ മരിച്ചതറിയാതെ നാലാം നാള്‍ പ്രവാസി മലയാളി സൗദിയില്‍ മരണത്തിന് കീഴടങ്ങി

ജുബൈല്‍: കോവിഡ് കാലമായതോടെ അതുവരെയുള്ള എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. പ്രവാസികളെയാണ് കോവിഡും ലോക്ക്ഡൗണും ഒക്കെ ഏറെ ദുരിതത്തില്‍ ആക്കിയിരിക്കുന്നത്. പ്രവാസ ലോകത്ത് ജീവന്‍ പൊലിയുന്നവര്‍ക്ക് അവസാന അവകാശമായ നാട്ടിലെ ആറടി മണ്ണ് പോലും ലഭിക്കുന്നില്ല. അതിലേറെ സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. അച്ഛന്റെ മരണവാര്‍ത്ത പോലും അറിയാതെ പ്രവാസിയായ മകനും മരണത്തിന് കീഴടങ്ങി. നാട്ടില്‍ പിതാവ് മരിച്ചത് അറിയാതെ മകന്‍ നാലാം നാള്‍ സൗദിയില്‍ മരിക്കുകയായിരുന്നു.

പത്തനംതിട്ട കുടമുക്ക് മമ്മൂട് നരിയപുരം സ്വദേശി മുരുപ്പേല്‍ വീട്ടില്‍ ബിനു കെ ശ്യാം ആണ് ഖോബാറിലെ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. 37 വയസായിരുന്നു. ഒരു മാസമായി പനിബാധിച്ച് ചികിത്സയില്‍ ആയിരുന്നു ബിനു. ബിനു മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ബിനുവിന്റെ പിതാവ് രാമന്‍ കുഞ്ഞുപിള്ള നാട്ടില്‍ മരണത്തിന് കീഴടങ്ങിയത്. ഈ സമയം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു ബിനു. അച്ഛന്‍ മരിച്ചത് അറിയാതെ ബുധനാഴ്ച രാവിലെ ബിനുവും മരിക്കുകയായിരുന്നു.

ജുബൈലില്‍ സാബിക് അനുബന്ധ കമ്പനിയായ ഇബില്‍ സിനയില്‍ എന്‍ജിനീയര്‍ ജോലി ചെയ്ത് വരികയായിരുന്നു ബിനു. പനി ബാധിച്ച് ഒരു മാസം മുമ്പ് ജുബൈല്‍ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അസുഖം കുറയാത്തതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പനിക്ക് കുറവില്ലാതായതോടെ പിന്നീട് ഖോബാറിലെ അല്‍മന ആശുപത്രിയിലേക്കും മാറ്റി.

ബിനുവിന് ന്യുമോണിയ കലശലായതോടെ ഖോബാറിലെ അല്‍മന ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. മരണശേഷം വന്ന കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കും. അമ്മ; ശ്യാമള, ഭാര്യ; സജിത, മകന്‍; ഏദന്‍.