സ്വകാര്യാശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സപിഴവെന്ന് ബന്ധുക്കള്‍

ഗൗരീശ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു. ചിറയിന്‍കീഴ് ആല്‍ത്തറമുക്ക് സ്വദേശിനി ഗ്രീഷ്മയാണ് (31) മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ നാലാം തീയതി യാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദനയ്ക്കുള്ള കുത്തിവെയ്പ്പിനെ തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും രക്തസമ്മര്‍ദ്ദം താഴ്ന്ന് അവശ നിലയിലാവുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രി ആംബുലന്‍സില്‍ മറ്റൊരു സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. അമ്മയുടെ ജീവന്‍ രക്ഷിക്കാനായി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ചികിത്സാ പിഴവു സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. രാവിലെ അപസ്മാര ലക്ഷണം പ്രകടിപ്പിക്കുകയും രക്തസമ്മര്‍ദ്ദം താഴ്ന്നു നിലമോശമായ യുവതിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞു മരിച്ചതായി കാണുകയും അമ്മയെ രക്ഷിക്കാന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. പിന്നാലെ അമ്മയും മരിച്ചു. ചികിത്സാ പിഴവു മറച്ചുവയ്ക്കാന്‍ ഉള്ളൂരിലെ സ്വകാര്യ ആശുപത്രി ശ്രമിച്ചെന്നാണു വീട്ടുകാരുടെ പരാതി.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഗ്രീഷ്മയുടെയും കുഞ്ഞിന്റെയും മരണത്തിന്റെ കാരണമെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ചികിത്സാ പിഴവ് ഉയർത്തിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ക്രിഡൻസി നെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിന്നിടെയാണ് ഗ്രീഷ്മയുടെ മരണം. യുവതിയുടെ ആദ്യ പ്രസവവും ഇതേ ആശുപത്രിയിൽ തന്നെയായിരുന്നു. അതിനാലാണ് രണ്ടാം തവണയും പ്രസവത്തിനു ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിസേറിയൻ ചെയ്യാമായിരുന്നിട്ടും സിസേറിയൻ ചെയ്യാതെയാണ് മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയത്. ഇത് ഗ്രീഷ്മയുടെയും കുട്ടിയുടെയും മരണത്തിനു വഴി തെളിച്ചു. ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രീഷ്മയെ ബന്ധുക്കൾ പ്രസവത്തിനു ക്രിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രീഷ്മയുടെ നില വഷളാകുന്നത്. കുഞ്ഞിന്റെയും അമ്മയുടെ നില ഗുരുതരമായതിനെ തുടർന്ന് ക്രിഡൻസ് ആശുപത്രി അധികൃതർ കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

ഗ്രീഷ്മയുടെ ഭർത്താവ് വിദേശത്താണ്. ദുബായിലുള്ള ഭർത്താവ് ഫോണിൽ ആശുപത്രി അധികൃ തരുമായി ബന്ധപ്പെട്ടു ഗ്രീഷ്മയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാതെ ആശുപത്രി അധികൃതർ കിംസിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയുടെ അച്ഛനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതും ബന്ധുക്കളുടെ രോഷം ഇരട്ടിപ്പിച്ചു. കുട്ടിയെയും അമ്മയെയും രക്ഷിക്കാനും കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മ‍ൃതദേഹം വിട്ടുകൊടുത്തു.