സുശാന്ത് സിങ് രജ്പുത്തിന്റെ പേരില്‍ സിനിമകള്‍; നിരോധിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കോടതിയില്‍

സുശാന്തിന്റെ ജീവിതകഥ ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്. ‘ന്യായ്: ദി ജസ്റ്റിസ്’, ‘സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വോസ് ലോസ്റ്റ്’, ‘ശശാങ്ക്’ എന്നീ ചിത്രങ്ങള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടതാണ്. അതേസമയം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകള്‍ക്കെതിരെ പിതാവ് രംഗത്ത്.  സുശാന്തിന്റെ ബയോപ്പിക്കുകള്‍ എന്ന പേരില്‍ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഇതിനെതിരെയാണ് പിതാവ് കെകെ സിങ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കെകെ സിങ്ങിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍മാതാക്കള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.

ജൂണ്‍ 14 നാണ് സുശാന്ത് സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. മകന്റെ മരണം സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനാല്‍ ഇവയുടെ ചിത്രീകരണം നിരോധിക്കണമെന്നുമാണ് ഹര്‍ജയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകള്‍ ഉണ്ടാക്കി ചിലര്‍ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും സല്‍പ്പേരിനെ ഇത് ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ബോളിവുഡില്‍ അടുത്ത കാലത്ത് ഏറ്റവും അധികം കോളിളക്കം ഉണ്ടാക്കിയ മരണമായിരുന്നു സുശാന്ത് സിങ് രജ്പുത്തിന്റേത്. മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നാലെ സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ചേരിതിരിവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നും ആരോപണമുയര്‍ന്നു.