സ്വപ്നയെ കുടുക്കിയത് മകളുടെ ഫോണും ശബ്ദ സന്ദേശവും, എന്‍ഐഎ നീക്കം ചടുല വേഗത്തില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രിതകളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ ബംഗളൂരുവില്‍ ഉണ്ടെന്ന വ്യക്തമായ വിവരം എന്‍ഐഎയ്ക്ക് ലഭിക്കുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നും എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പിടികൂടി.

ഫോണ്‍ പിന്തുടര്‍ന്ന് പിടിക്കും എന്നുള്ളതിനാല്‍ ഇവയൊക്കെ കയ്യില്‍ കരുതാതെയായിരുന്നു സ്വപ്‌ന മുങ്ങിയത്. എന്നാല്‍ മകളുടെ ഫോണ്‍ ഇവര്‍ക്ക് കുരുക്കാവുകയായിരുന്നു. മകള്‍ കഴിഞ്ഞ ദിവസം സുഹൃത്തിനെ ഫോണ്‍ ചെയ്ത വിവരം പുറത്തെത്തിയിരുന്നു,. ഇന്നലെ ഉച്ചയോടെ മകളുടെ ഫോണ്‍ വീണ്ടും ഓണ്‍ ചെയ്തു,. ഇതില്‍ നിന്നും ലഭിച്ച സൂചന എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിന് കൈമാറി. മകളുടെ ഫോണ്‍ ഉപയോഗമാണ് സ്വപ്‌ന കുടുങ്ങാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന്. മാത്രമല്ല സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തെത്തിയ സ്വപ്‌നയുടെ ശബ്ദ സന്ദേശവും ഇവരെ പിന്തുടരാന്‍ സഹായകമായി എന്ന് വിവരമുണ്ട്. പല ഫോണുകളിലൂടെ കൈമാറിയാണ് സ്വപ്‌നയുടെ ശബ്ദ സന്ദേശം മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ശബ്ദ സന്ദേശത്തിന്റെ ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതല്‍ തന്നെ കേന്ദ്ര ഇന്റലിജന്‍സ് പിന്തുടരുന്നുണ്ടായിരുന്നു.

സ്വപ്‌നയ്ക്ക് ഒപ്പം ഭര്‍ത്താവും മക്കളും കേസിലെ മറ്റൊരു പ്രതിയായ സന്ദീപും യാത്ര ചെയ്ത് ബംഗളൂരുവില്‍ എത്തി ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ താമസിക്കാന്‍ എത്തിയ കോറമംഗലയിലെ ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് എന്‍ഐഎയെ അറിയിക്കുകയായിരുന്നു. ഇവിടെ എത്തിയ എന്‍ഐഎ സംഘം ഫ്‌ലാറ്റില്‍ ഉള്ളത് സ്വപ്‌നയും സംഘവും തന്നെയാണെന്ന് ഉറപ്പാക്കുകയും പിടികൂടുകയുംമായിരുന്നു. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ലാറ്റിലാണ് ഇവര്‍ തങ്ങിയത്.

ഡൊംലൂര്‍ എന്‍ഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ എത്തിച്ചത്. കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവില്‍ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കൊച്ചിയിലും ഇവര്‍ എത്തിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവര്‍ ബെംഗളൂരുവിലേക്കു കടന്നതെന്നാണ് വിവരം.