ചെയ്തുവന്ന പണിയിൽ വിരമിക്കൽ പ്രഖ്യാപിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ കള്ളനെ വീണ്ടും ‘കള്ളനാക്കി’ പോലീസ്

സത്യസന്ധന്മാരായ കള്ളന്മാര്‍ക്ക് ഇന്നാട്ടില്‍ ജീവിക്കേണ്ടേ? പോലീസുകാരേക്കൊ ണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കള്ളന്മാര്‍. മോഷണത്തില്‍ നിന്ന് വിരമിക്കുന്ന കാര്യം പറയാന്‍ സ്റ്റേഷനിലെത്തിയ കള്ളന പിടിച്ചകത്താക്കി ഏമാന്മാര്‍. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഒരു കള്ളന്റെ വിരമിക്കലിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ കള്ളന്റെ പ്രഖ്യാപനം കേട്ട് പോലീസിന്റെ മനസ്സൊന്നും അലിഞ്ഞില്ല. അപ്പോള്‍ തന്നെ രണ്ട് ബൈക്ക് കേസിൽ കുടുക്കി പിടിച്ചകത്താക്കി. വെറുതെ സ്‌റ്റേഷനില്‍ വന്നുകേറി പണിമേടിച്ച് അകത്താണിപ്പോള്‍ കള്ളന്‍.

റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് ആണ് ഡിവൈ.എസ്.പി ഡോ.ആര്‍ ജോസ് മുമ്പാകെ നേരിട്ടെത്തി മോഷണം നിറുത്തുകയാണെന്ന് അറിയിച്ചത്. നൂറുകണക്കിന് മോഷങ്ങള്‍ നടത്തുക, ഇരുന്നൂറോളം കേസുകളില്‍ പ്രതിയാവുക, എന്നിട്ട് അവസാനം ‘മോഷണ ജോലിയില്‍’ നിന്നും വിരമിക്കുന്ന കാര്യം പൊലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് പറയുക. കേള്‍ക്കുമ്പോള്‍ അല്‍പ വിചിത്രമെന്ന് തോന്നാം. കള്ളന്റെ വിരമിക്കല്‍ പ്രഖ്യാപനം കേട്ട് ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസിലെ പോലീസുകാരുടെ കണ്ണ് തള്ളിപ്പോയി. ഇനി ബൈക്ക് മോഷണം പോയാല്‍ എന്നെത്തപ്പി വരണ്ട ഞാനീ പണിയൊക്കെ വിട്ടെന്ന് ഏമാന്മാരെ അറിയിച്ച് പോകാമെന്ന് കരുതുന്നതൊരു തെറ്റാണോ? അതിനാണ് പിടിച്ചകത്തിട്ടത്.

മുന്‍പ് പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാണ് ഇതോടെ താന്‍ മോഷണം നിര്‍ത്തിയെന്ന കാര്യം ജോസിനെ നേരിട്ട് അറിയിക്കാന്‍ കുര്യാക്കോസ് തീരുമാനിച്ചത്. ഒരു മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു. കഴിഞ്ഞ 27 ന് രാത്രി ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ചെറുകര മോടിയില്‍ പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷന്‍ പ്ലസ്, പത്തനംതിട്ട വാര്യാപുരം ഭാഗത്ത് നിന്ന് കെ എല്‍ 62 സി 892 നമ്പര്‍ ബൈക്ക് എന്നിവയാണ് മോഷ്ടിച്ചത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലില്‍ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാന്‍ തീരുമാനിക്കുകയായിരുന്നു. എന്തായാലും കേറിച്ചെന്ന് പണി വാങ്ങിക്കൂട്ടിയ കള്ളനാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.

ഇനി ഒരു കള്ളനും ഇമ്മാതിരി സാഹസത്തിന് മുതിരില്ല. എന്തിനാ വെറുതെ മേടിച്ച് കൂട്ടുന്നത്. നന്നാകാനൊന്നും ഏമാന്മാര്‍ സമ്മതിക്കില്ലെന്നേ. ചെറുപ്രായത്തില്‍ തുടങ്ങീതല്ലെ, ഇനി വിരമിച്ചേക്കാമെന്ന് കരുതി. അതിനും സമ്മതിക്കില്ല പോലീസ്. അങ്ങനെ കള്ളന് ട്രോളുമുണ്ട്. ഈ കള്ളന്മാരൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നമ്മളെ ചിരിപ്പിച്ചിട്ടുള്ള എത്രയോ കള്ളന്മാരുണ്ട്. കഴിഞ ദിവസമാണ്, അമ്പലത്തിന് മുന്നിലെത്തി പ്രാര്‍ത്ഥിച്ചിട്ട് മോഷണം നടത്തിയ കള്ളന്‍ വൈറലായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പാര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല, ആളെ പോലീസ് പൊക്കിയിരുന്നു.

കോതമംഗലത്ത് പുതിയൊരു കള്ളന്‍ പോലീസിന് തലവേദനയാവുന്നു. രാത്രിയില്‍ മിഠായി മോഷ്ടിക്കാനെത്തുന്ന കള്ളനാണ് പോലീസിന് പ്രശ്നക്കാരനായി മാറിയിരിക്കുന്നത്. ഇയാളെ പിടിക്കാനാവാതെ നട്ടം തിരിയുകയാണ് പോലീസ്. പോത്താനിക്കാടിലെ കടയില്‍ നിന്ന് തുടര്‍ച്ചയായി ചോക്ലേറ്റും ബിസ്‌കറ്റുമെല്ലാം മോഷണം പോകുന്നുണ്ട്. എന്നിട്ടും കള്ളനെ പിടിക്കാനായിട്ടില്ല. പണവും മിഠായികളും ആണ് അടിച്ചോണ്ട് പോകുന്നത്.

കണ്ണൂര്‍ ജില്ലയിലെ താവക്കര വെസ്റ്റ് അങ്കണവാടിയില്‍ക്കേറി പിള്ളേരുടെ മുട്ടയും പാലും അകത്താക്കിയ കള്ളന്‍. അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ സാധനങ്ങള്‍ നശിപ്പിക്കുകയും ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. അങ്കണവാടിക്കുള്ളിലെ ആഹാര സാധനങ്ങള്‍ കഴിച്ചിട്ടുണ്ട്. ഓംലറ്റ് ഉണ്ടാക്കിയും ഇയാള്‍ കഴിച്ചിട്ടുണ്ട്. അങ്കണവാടിയുടെ ജനല്‍ ചില്ല് തകര്‍ക്കുകയും കമ്പികള്‍ വളച്ച് പൊട്ടിക്കുകയും ചെയ്ത നിലയിലാണ്. ഇങ്ങനെ കള്ളന്മാര്‍ പലവിധമാണ്. സോഷ്യല്‍മീഡിയ ഈ കള്ളന്മാരുടെ രസകരമായ കഥ ഏറ്റെടുക്കാറുമുണ്ട്. അങ്ങനെ ഇപ്പോള്‍ താരം വിരമിക്കല്‍ പ്രഖ്യാപിക്കാനെത്തിയ കള്ളനാണ്.