കുഞ്ഞിനെ സംസ്‌കരിച്ചു; പ്രതി ആനന്ദിന് ജയിലില്‍ പരമാനന്ദം

പ്രകൃതി പോലും കരഞ്ഞു പോയി, കണ്ണീര്‍ മഴയായി പെയ്തിറങ്ങി കുഞ്ഞിനു നാട് യാത്രാ മൊഴി നല്കി. ആ കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞ രാത്രി സംസ്‌കരിച്ചു. കേരളം എന്ന ഭ്രാന്താലയത്തില്‍ നിന്നും അവന്‍ എന്നേക്കുമായി രക്ഷപെട്ടു. ഒരു ശരാശരി കേരളീയ ജീവിച്ചിരിക്കേണ്ട 70വയസ് എന്നത് അവന് വെറും 7 വര്‍ഷമാക്കി ഈ നാടും വിധിയും മാറ്റി എഴുതി. ക്രൂരതകളുടെയും ഉറവ വറ്റിയ മാതൃത്വത്തിന്റെയും ചതിയില്‍ നിന്നും തൊടുപുഴയിലെ ദുര്‍വിധിയില്‍ പൊലിഞ്ഞ കുഞ്ഞിന്റെ മൃതദേഹം മണ്ണായി ഇനി മാറും. കോലഞ്ചേരി ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തൊടുപുഴയിലേക്ക് കൊണ്ടുപോകാന്‍ പുറത്തിറക്കിയപ്പോ പ്രകൃതിക്ക് പോലും പിടിച്ച് നില്ക്കാനായില്ല. ഇടിവെട്ടി പെരുമഴയില്‍ പ്രകൃതിയും നിലവിളിച്ച് കണ്ണീര്‍ മഴ പൊഴിക്കുകയായിരുന്നു. പ്രകൃതിക്ക് പോലും എല്ലാം തിരിച്ചറിയാനുള്ള ജീവ ശക്തി ഉണ്ട് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു കണ്ണീര്‍ മഴ പെയ്തത്.

വൈകിട്ട് 4.15നാണ് ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയത്. തിരക്കിനിടയില്‍ മൃതശരീരം ഓട്ടോപ്‌സി മുറിയിലേക്കു കയറ്റാന്‍ പൊലീസുകാര്‍ ഏറെ പ്രയത്‌നിച്ചു. കാത്തു നിന്ന ജനക്കൂട്ടത്തില്‍ പലരും വാവിട്ടു കരയുന്നതും കാണാമായിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദിച്ച അരുണിനെ സ്ത്രീകളടക്കമുള്ളവര്‍ ശപിക്കുന്നുണ്ടായിരുന്നു. 4.30ന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം രണ്ടര മണിക്കൂര്‍ നീണ്ടു. ഏഴു മണി കഴിഞ്ഞപ്പോള്‍ മൃതദേഹം പുറത്തിറക്കി. മോര്‍ച്ചറി പരിസരത്ത് ജനം തിങ്ങി നിറഞ്ഞു.കുട്ടിയുടെ മുത്തച്ഛനും ബിജുവിന്റെ പിതാവായ എന്‍ഡി ബാബുവും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. 7.15ന് കുട്ടിയുടെ മൃതദേഹവുമായി ആംബുലന്‍സ് തൊടുപുഴയിലെ മഞ്ചിക്കലിലേക്കു പുറപ്പെട്ടു. ആ സങ്കട വാര്‍ത്ത അറിഞ്ഞതു മുതല്‍ കറുത്തു വിങ്ങിനിന്നിരുന്ന മാനം വൈകിട്ട് ആറരയോടെ ഉടുമ്പന്നൂരില്‍ പെയ്‌തൊഴിഞ്ഞു. ചേതനയറ്റ കുഞ്ഞുദേഹം അവന്‍ ഓടിക്കളിച്ചിരുന്ന മുറ്റത്തെത്തിച്ചപ്പോള്‍ പെയ്തത് കണ്ണീര്‍ മഴയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് എട്ടിനാണ് ഏഴുവയസ്സുള്ള കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്.എട്ടരയോടെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആ കുഞ്ഞു ശരീരമെത്തി. കാത്തിരുന്ന കണ്ണുകളിലൂടെ അണമുറിയാതെ കണ്ണുനീര്‍ ഒഴുകിയിറങ്ങി.

ആദ്യം വീട്ടിനുള്ളില്‍ കൊണ്ടുപോയി കുട്ടിയുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കി.എല്ലാം അറിഞ്ഞിരുന്നകാമുകന്റെ ക്രൂരത കണ്‍ മുന്നില്‍ കണ്ടിരുന്ന മൗനിയായ ആ അമ്മ കുഞ്ഞിന്റെ മൃതദേഹത്തില്‍ നിന്നും അകലം പാലിച്ച് തന്നെയാണ് നിന്നത് എന്നതും ശ്രദ്ധേയമായിരുന്നു. നാട്ടുകാരുടെ രോക്ഷത്തിനു അമ്മ ഇരയാമാകുമോ എന്നും ഭയപ്പെട്ടിരുന്നു. ഉടുമ്പന്നൂര്‍ മഞ്ചിക്കല്ലിലെ വീട്ടുമുറ്റത്ത് ആളും ബഹളവും കൂടുന്നതു വരെ സൈക്കിളോടിച്ചും പാവക്കുട്ടിയെ കൊഞ്ചിച്ചും കളിക്കുകയായിരുന്നു ഇളയകുട്ടി. കുഞ്ഞു പെട്ടിക്കുള്ളില്‍ ഏഴുവയസ്സുള്ള ചേട്ടനെ അരികത്തേക്ക് കൊണ്ടുവരും വരെ ഒരു ചിരി അവന്റ ചുണ്ടിലുണ്ടായിരുന്നു. കരച്ചിലും തിരക്കും കണ്ട് പരിഭ്രമിച്ചാവണം, പിന്നെ കളിപ്പാട്ടങ്ങളിലേക്ക് നോക്കിയതേയില്ല ആ കുഞ്ഞ്. ഇളയ കുഞ്ഞിന്റെ മുഖത്തും വിഷാദവും വേദനയുമായിരുന്നു. പപ്പി കണ്ണു തുറക്കുന്നില്ല എന്ന് ഇളയ കുഞ്ഞും തിരിച്ചറിഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യ നിലയില്‍ അല്‍പം പുരോഗതിയുണ്ടായെങ്കിലും 48 മണിക്കൂറിനു ശേഷമെടുത്ത സ്‌കാനിങ്ങില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതായി കണ്ടെത്തി. ജീവന്‍രക്ഷാ ഔഷധങ്ങളുടെയും വെന്റിലേറ്ററിന്റെയും സഹായത്തോടെ തുടര്‍ന്നുള്ള 10 ദിവസം അവന്‍ മരണത്തോടു പൊരുതി.

പത്തു സെന്റീമീറ്ററില്‍ അധികം പൊട്ടിയ തലയോടു തുറന്നു രക്തസ്രാവം നിയന്ത്രിച്ചെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം നിലച്ചതു പ്രതിസന്ധിയുണ്ടാക്കി. ദ്രവരൂപത്തില്‍ ആഹാരം ട്യൂബ് വഴി നല്‍കിയിരുന്നെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായതോടെ വെള്ളിയാഴ്ച അതു നിര്‍ത്തേണ്ടി വന്നു. ഇന്നലെ രാവിലെ 11 നു രക്തസമ്മര്‍ദം തീരെ കുറഞ്ഞു. പരമാവധി അളവില്‍ മരുന്നു നല്‍കിയെങ്കിലും പ്രതികരിക്കാതായതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.ഇനി ഒരു അമ്മയും കാമ വെറിയില്‍ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ ഒരു കാമുകനും കിടപ്പറ തുറന്ന് കൊടുക്കാതിരിക്കട്ടേ. ഒരു കുഞ്ഞിനും ഈ ദുരന്തം വരാതിരിക്കട്ടേ