ബജ്രങ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി

കര്‍ണാടക ശിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. സംസ്‌കാര ചടങ്ങിനിടെ വ്യാപക അക്രമമുണ്ടായി. മാധ്യമ പ്രവര്‍ത്തകനും വനിതാ പൊലീസിനും പരിക്കേറ്റു. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു.

ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവര്‍മ ലെയിനില്‍ വെച്ച്‌ സീഗെഹട്ടി സ്വദേശിയായ ഹര്‍ഷയെ ഒരു സംഘം ആക്രമിച്ചത്. ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തിങ്കളാഴ്ച്ച വൈകിട്ട് കനത്ത സുരക്ഷയിലാണ് ഹര്‍ഷയുടെ മൃതദേഹം സംസ്‌കരിച്ചത്. വിലാപയാത്രയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക അക്രമം നടന്നിരുന്നു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കടകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അക്രമസംഭവങ്ങളില്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് എഡിജിപി മുരുഗന്‍ പറഞ്ഞു. ശിമോഗയില്‍ 2 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുകയാണ്.