വികെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി

പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടായത് ആശുപത്രിയില്‍ വച്ചാണ്. കസ്റ്റഡിയില്‍ നല്‍കണമെങ്കില്‍ പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. നാല് ദിവസത്തേക്ക് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കസ്റ്റഡിയില്‍ നല്‍കണമെങ്കില്‍ പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാകണമെന്ന് കോടതി അറിയിച്ചതിനെത്തുടര്‍ന്ന് ഇതിനായി വിജിലന്‍സ് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കും.

അതേസമയം ഭീമമായ തുകയെ കുറിച്ച് മന്ത്രി വിശദീകരണം നല്‍കാത്തതെന്തെന്നും കോടതി ചോദിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപത്തിന്റെ ഉറവിടം ഏതാണെന്ന വിജിലന്‍സിന്റെ ചോദ്യത്തിന് ഇബ്രാഹിംകുഞ്ഞിന് മറുപടിയില്ലായിരുന്നു. നികുതി വെട്ടിച്ചതില്‍ പിഴ ഒടുക്കിയതിന്റെ രസീതുകള്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടീല്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.