അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെയും അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീന ഫലമായിട്ടാണ് കേരളത്തില്‍ മഴ കനക്കുന്നത്.

അടുത്ത രണ്ട് ആഴ്ചകളിലും കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.