സ്പ്രിംക്ലർ തട്ടിപ്പിലൂടെ സിപിഎമ്മിന്റെ കപടമുഖം പുറത്തുവന്നിരിക്കുകയാണെന്നു ചെന്നിത്തല

സ്പ്രിംക്ലർ കരാറിനെക്കുറിച്ച് അന്വേഷിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ നിർണ്ണായക റിപ്പോർട്ട്‌ ഹൈക്കോടതി പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹർജി സമർപ്പിച്ചു. ഡേറ്റ സ്വകാര്യത സംബന്ധിച്ച് വാ തോരാതെ സംസാരിച്ചിരുന്ന സിപിഎമ്മിന്റെ കപടമുഖം സ്പ്രിംക്ലർ തട്ടിപ്പിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സ്വകാര്യമായ ആരോഗ്യ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് താൻ നൽകിയ കേസ് നിലവിൽ ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്നും ഈ സാഹചര്യത്തിൽ സ്വകാര്യ വിവരങ്ങൾ ചോർന്നതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ ഈ റിപ്പോർട്ട്‌ കോടതി പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായിട്ടാണ് സർക്കാർ രോഗികളുടെ വിവരങ്ങൾ സ്പ്രിംക്ലർ എന്ന സ്വകാര്യ കമ്പനിയ്ക്ക് കൈമാറിയത്. ഈ രോഗികൾക്ക്‌ അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ താല്പര്യത്തിനു വിരുദ്ധമായ പല കാര്യങ്ങളും സ്പ്രിംക്ലറുമായുമായുള്ള പിണറായി സർക്കാരിന്റെ അവിശുദ്ധ ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സർക്കാർ നിയമിച്ച കമ്മിറ്റി തന്നെ കണ്ടെത്തിയ സാഹചര്യത്തിൽ ഈ റിപ്പോർട്ട്‌ ഹൈക്കോടതി പരിശോധിക്കേണ്ടത് നിർണ്ണായകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.