ഈദ് ദിനത്തിലും സ്‌കൂൾ പ്രവർത്തിച്ചു, സ്‌കൂള്‍ബസ് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ചണ്ഡീഗഢ് : സ്‌കൂള്‍ ബസ് അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മരിക്കുകയും 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പൊതു അവധിയായ ഈദുല്‍-ഫിത്ര്‍ ദിനത്തില്‍ സ്‌കോപ്പോൾ ഇനത്തിന് തുറന്നു പ്രവർത്തിച്ചു എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. ഇത് സംബന്ധിച്ച് സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ജി.എല്‍. പബ്ലിക് സ്‌കൂളിന്റെ ബസാണ് വ്യാഴാഴ്ച മഹേന്ദ്ഗഢില്‍വെച്ച്‌ അപകടത്തിൽപ്പെട്ടത്. വീടുകളില്‍നിന്ന് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം. ബസ് കീഴ്മേല്‍ മറിഞ്ഞു. അപകടത്തേക്കുറിച്ച് ഒരു ഉന്നതതല സമിതി അന്വേഷണം നടത്തുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി അസീം ഗോയല്‍ പറഞ്ഞു.

സ്‌കൂളിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ കൃത്യമായി ഹാജരാക്കാത്തതിനാല്‍ മാര്‍ച്ച് മാസത്തില്‍ പ്രസ്തുത സ്‌കൂളിനെതിരെ 15,000 രൂപ പിഴ ചുമത്തിയിരുന്നതായും അസീം ഗോയല്‍ അറിയിച്ചു. രാജ്യമൊട്ടാകെ ഈദ് ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമ്പോള്‍ ഈ സ്‌കൂളിന് പ്രവൃത്തിദിനമായതിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഹരിയാണ മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ആവശ്യപ്പെട്ടു.