2,200 കോടിയുടെ ഹോർട്ടിക്കൾച്ചർ പാക്കേജ് ; 20 ലക്ഷം കോടിയുടെ കാർഷിക വായ്പകൾ, ലക്ഷ്യം കർഷകരുടെ സമഗ്ര പുരോഗതി

ന്യൂഡൽഹി: രാജ്യത്ത് പച്ചക്കറി കർഷകരുടെയും അനുബന്ധ കൃഷി മേഖലയുടെയും സമഗ്ര വികസനത്തിനായി 2,200 കോടിയുടെ ഹോർട്ടിക്കൾച്ചർ പക്കേജാണ് നടപ്പിലാക്കുക. കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് കേന്ദ്ര ബജറ്റിലെ പുതിയ പദ്ധതികൾ. കാർഷിക രംഗത്തെ സ്റ്റാർപ്പുകൾക്ക് പ്രത്യേക ഫണ്ട് നിലവിൽ വരും. അഗ്രിക്കൾച്ചർ ആക്‌സിലേറ്റർ ഫണ്ടും നടപ്പിലാക്കും. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ സംഭരിക്കാനുള്ള കേന്ദ്രീകൃത സംവിധാനം ശക്തമാക്കും.

കാർഷിക മേഖലിലെ സേവനങ്ങൾ കൂടുതൽ ഐടി അധിഷ്ടിതമാക്കും. 2024-ൽ 20 ലക്ഷം കോടിയുടെ കാർഷിക വായ്പകൾ നൽകും. ക്ഷീര മേഖലയ്‌ക്കും, മത്സ്യ മേഖലയ്‌ക്കും ഇതിന്റെ ഗുണം ലഭിക്കും. കാർഷിക മേഖലയ്‌ക്കൊപ്പം മത്സ്യ മേഖലയ്‌ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

അതേസമയം രാജ്യത്ത് സൗജന്യ ഭക്ഷണപദ്ധതിയായ പി.എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു . എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.